Breaking News

നിര്‍ധന കുടുംബത്തിന് വെളിച്ചമേകി സഹൃദയയിലെ വിദ്യാര്‍ത്ഥികള്‍

കൊടകര സഹൃദയ കോളജ് വിദ്യാര്‍ത്ഥികള്‍ വയറിംഗ് നടത്തുന്നുകൊടകര: നിര്‍ധനരും രോഗികളുമായ പാവപ്പെട്ട കുടുംബത്തിന് വെളിച്ചമേകി കൊടകര സഹൃദയ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍. തങ്ങളുടെ അധ്വാനംകൊണ്ട് പാവപ്പെട്ട കുടുംബത്തില്‍ പ്രകാശം പരന്നപ്പോള്‍ കുടുംബത്തിനൊപ്പം വിദ്യാര്‍ത്ഥികളുടെ ഹൃദയവും സന്തോഷം കൊണ്ട് നിറഞ്ഞു. കാട്ടൂര്‍ കാറളം പഞ്ചായത്തിലെ നാലാം വാര്‍ഡില്‍പ്പെട്ട ചെമ്മണ്ടയിലെ നിര്‍ധന കുടുംബത്തിനാണ് വിദ്യാര്‍ത്ഥികള്‍ സൗജന്യമായി വയറിംഗ് നടത്തി വെളിച്ചമേകിയത്.

ചെമ്മണ്ടയിലെ ക്ലെയര്‍ ഭവന്‍ മഠത്തിന്റെ നേതൃത്വത്തില്‍ സുമനസ്സുകളുടെ സഹായം കൊണ്ടാണ് രണ്ട് വയോധികരടങ്ങുന്ന ആറംഗ കുടുംബത്തിന് വീട് പണിത് നല്കിയത്. എന്നാല്‍ വയറിംഗിന് ഭീമമായ ചിലവ് വരുമെന്നതിനാല്‍ ഇവര്‍ വയറിംഗ് നടത്തിയിരുന്നില്ല.ഈക്കാര്യമറിഞ്ഞാണ് ഈ കുടുംബത്തിന് സഹായമേകാന്‍ സഹൃദയ കോളേജ് മുന്നോട് വന്നത്. മൂന്നാം വര്‍ഷ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ് വിഭാഗം വിദ്യാര്‍ത്ഥികള്‍ ഈ ഉദ്യമം ഏറ്റെടുക്കുകയായിരുന്നു.

പ്രൊഫ. സെബിന്‍ ഡേവിസ്, വിദ്യാര്‍ത്ഥികളായ ബിനില്‍ ഭാസി, ക്രിസ്റ്റോ ഡേവിസ്, എന്നിവരുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍തന്നെ വീട് പൂര്‍ണ്ണമായും വയറിംഗ് ചെയ്ത് നല്കി. ചുമരുകളില്‍ പൊഴിയുണ്ടാക്കി പൈപ്പുകള്‍ സ്ഥാപിച്ചതും വയറുകള്‍ വലിച്ചതും സ്വിച്ചു ബോര്‍ഡുകള്‍ ഉറപ്പിച്ചതുമെല്ലാം വിദ്യാര്‍ത്ഥികള്‍ തന്നെയാണ്. എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. ഡോ. ആന്റു ആലപ്പാടനും പ്രിന്‍സിപ്പല്‍ ഡോ. സുധ ജോര്‍ജ് വളവിയും ഈ പ്രവര്‍ത്തികള്‍ക്ക് എല്ലാ പ്രോത്സാഹനവും സഹായവും നല്കി.

ക്ലാസ്സുകള്‍ മുടക്കിയല്ല കുട്ടികള്‍ ഈ പണികള്‍ ചെയ്തതെന്നാണ് മറ്റൊരു പ്രധാന കാര്യം. ഞായറാഴ്ച്ചകളിലും അവധി ദിവസങ്ങളിലുമാണ് വയറിംഗ് നടത്തിയത്. ഇലക്ട്രിക്കല്‍ വിഭാഗത്തിലെ പതിനഞ്ചോളം വിദ്യാര്‍ത്ഥികള്‍ ഈ പ്രവര്‍ത്തിയില്‍ സഹകരിച്ചിരുന്നു. വയറിംഗിനാവശ്യമായ പൈപ്പുകള്‍, വയറുകള്‍, സ്വിച്ചു ബോര്‍ഡുകള്‍ തുടങ്ങി എല്ലാ സാധനങ്ങളും കോളേജില്‍നിന്ന് സൗജന്യമായി വിദ്യാര്‍ത്ഥികള്‍ക്ക് നല്കി. ഊര്‍ജ്ജസംരക്ഷണത്തിനായി കൊടകര പഞ്ചായത്തിലെ കാരൂര്‍ വാര്‍ഡിലെ മുഴുവന്‍ വീടുകള്‍ക്കും എല്‍.ഇ.ഡി. ബള്‍ബുകള്‍ സൗജന്യമായി നല്കി കോളേജിലെ വിദ്യാര്‍ത്ഥികള്‍ സാമൂഹ്യ പ്രതിബദ്ധത തെളിയിച്ചിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!