Breaking News

സാങ്കേതിക വിദ്യകള്‍ മനുഷ്യ നന്മയ്ക്ക് വേണ്ടിയാകണം- ഗവര്‍ണര്‍ പി.സദാശിവം

ടെക്‌ഫെസ്റ്റ് ടെക്കോണ്‍,സാങ്കേതിക ഗവേഷണ മേളയായ കെറ്റ് കോണ്‍ എന്നിവ ഗവര്‍ണര്‍ പി.സദാശിവം ഉദ്ഘാടനം ചെയ്യുന്നു.

കൊടകര.സാങ്കേതിക വിദ്യകള്‍ മനുഷ്യ നന്മയ്ക്കും അഭിവൃദ്ധിക്കും വേണ്ടിയാകണമെന്ന് ഗവര്‍ണര്‍ പി.സദാശിവം.കൊടകര സഹൃദയ എന്‍ജിനീയറിംഗ് കോളേജില്‍ ടെക്‌ഫെസ്റ്റ് ടെക്കോണ്‍,സാങ്കേതിക ഗവേഷണ മേളയായ കെറ്റ് കോണ്‍ എന്നിവ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ധേഹം.ചടങ്ങില്‍ കെ.ടി.യു വൈസ് ചാന്‍സലര്‍ ഡോ.ജെ.ലത അദ്ധ്യക്ഷയായി.

സാങ്കേതിക വിദ്യകള്‍ അനുദിനം മാറി കൊണ്ടിരിക്കുന്ന ലോകത്തിലാണ് നാം ജീവിക്കുന്നത്.ടെക്നോളജി എന്നത് ഫാക്ടറികളും യന്ത്രങ്ങളും മാത്രമാകാതെ മനുഷ്യന്റെ ജീവിത ശൈലികളും കഴിവുകളും വികസിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഉണ്ടാകേണ്ടത്.മാറിക്കൊണ്ടിരിക്കുന്ന ടെക്നോളജിയെപ്പറ്റി അറിയാനുള്ള താല്പര്യം വിദ്യാര്‍ത്ഥികള്‍ വളര്‍ത്തിയെടുക്കണം.അതിലൂടെ നമ്മുടെ കണ്ടു പിടിത്തങ്ങള്‍ കര്‍ഷകരും തൊഴിലാളികളും ഉള്‍പ്പെടുന്ന സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിലേക്ക് എത്തുന്ന രീതിയിലാകണം ഗവര്‍ണര്‍ പറഞ്ഞു.

ഇക്കാലത്ത് ഗവേഷക രംഗത്തേക്ക് വരുന്ന വിദ്യാര്‍ഥികളുടെ എണ്ണം കുറഞ്ഞ് വരുകയാണ്.എന്‍ജിനീയറിംഗ് പഠനമെന്നത് നല്ല ജോലി എന്ന ലക്ഷ്യം മാത്രമാകാതെ ഗവേഷണ രംഗത്തേക്ക് കൂടി കടന്ന് വരുന്ന യുവ എന്‍ജിനീയര്‍മാരെയാണ് ഇക്കാലത്തിന് വേണ്ടത്.മികച്ച സാങ്കേതിക വിദഗ്ദരും ഗവേഷകരുമായി സംവദിക്കാനുള്ള അവസരം വിദ്യാര്‍ത്ഥികള്‍ പ്രയോജനപ്പെടുത്തണം.പരിചയ സമ്പന്നരായ സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ വിദ്യാര്‍ത്ഥികളുടെ പ്രൊജക്ടുകള്‍ കുറെ കൂടി മികവുറ്റതാക്കി മാറ്റണം.

വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ സംരഭങ്ങള്‍ തുടങ്ങാനുള്ള ഒരു ചവിട്ടു പടിയാണ് ടെക്കോണ്‍.അതിലൂടെ തങ്ങളുടെ ആശയങ്ങള്‍ വികസിപ്പിക്കാനും അത് ഉല്പന്നങ്ങളാക്കി മാറ്റാനും സഹായകമാകും.ഇത്തരം പരിപാടികള്‍ ശാസ്ത്രവും സാങ്കേതികതയും വിദ്യാര്‍ത്ഥികളിലെത്തിക്കാനും വിദ്യാര്‍ത്ഥികളെ ഗവേഷണ തല്പരരാക്കാനും സഹായിക്കുന്നു.നിരവധി വിദ്യാര്‍ത്ഥികളാണ് ഓരോ വര്‍ഷവും എന്‍ജിനീയറിംഗ് കഴിഞ്ഞ് പഠിച്ചിറങ്ങുന്നത്.എന്നാല്‍ മികച്ചവരും മൂല്യബോധമുള്ളവരും ആയവരുടെ എണ്ണം വളരെ കുറഞ്ഞ് വരുകയാണ്.പഠനത്തില്‍ ശ്രദ്ധിക്കാതെ സമരം ചെയ്ത് ഭാവി കളയുന്ന തലമുറയായി വിദ്യാര്‍ത്ഥികള്‍ മാറരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മൂന്ന് ദിവസം നീണ്ട് നില്ക്കുന്ന പരിപാടിയില്‍ വിവിധ കേരളത്തിലെ 152 എന്‍ജിനീയറിംഗ് കോളേജുകളില്‍ നിന്നുള്ള അയ്യായിരത്തിലേറെ വിദ്യാര്‍ത്ഥികളും അധ്യാപകരും ഗവേഷകരും പങ്കെടുക്കുന്നുണ്ട്.കേരളം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ എഞ്ചിനീയറിംഗ് ടെക് ഫെസ്റ്റില്‍ ഭാരതത്തിലെ സാങ്കേതിക വിദഗ്ധരില്‍ നിന്ന് തിരഞ്ഞെടുത്ത വിവിധ വിഷയങ്ങളിലുള്ള 250 പ്രബന്ധങ്ങളുടെ അവതരണം നടക്കും.എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി സംഘങ്ങളുടെ 200 പ്രൊജക്ടുകളുടെ പ്രദര്‍ശനവും മത്സരവുമുണ്ടാകും.ആദ്യ സ്ഥാനം നേടുന്ന യുവ എന്‍ജിനീയര്‍മാരുടെ സംഘത്തിന് അമേരിക്കയിലെ സിലിക്കണ്‍ വാലി സന്ദര്‍ശിക്കുവാനുള്ള അവസരം ലഭിക്കും. കൂടാതെ ആദ്യ പത്തു സ്ഥാനക്കാര്‍ക്ക് കേരളാ സ്റ്റാര്‍ട്ടപ്പ് മിഷന്‍ സൗജന്യമായി ബിസിനെസ്സ് ഇന്‍ക്യൂബേഷന്‍ സപ്പോര്‍ട്ടും നല്‍കുന്നുണ്ട്.പത്ത് ലക്ഷം രൂപ സമ്മാനത്തുകയുള്ള നൂറോളം മത്സരങ്ങളാണ് തുടങ്ങിയത്.

ചടങ്ങില്‍ ഇരിങ്ങാലക്കുട രൂപതാ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍,ഐ.ഐ.ടി. മുന്‍ ഡയറക്ടര്‍ ഇന്ദ്രാണില്‍ മന്ന,പ്രിന്‍സിപ്പല്‍ ഡോ.നിക്സന്‍ കുരുവിള എന്നിവര്‍ പ്രസംഗിച്ചു.കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എക്സി.വൈസ് പ്രസിഡന്റ് ഡോ. സുരേഷ് ദാസ് സ്വാഗതവും മെമ്പര്‍ സെക്രട്ടറി ഡോ.എസ്.പ്രദീപ് കുമാര്‍ നന്ദിയും പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!