കൊടകര: കൊടകര വെള്ളിക്കുളങ്ങര റോഡില്‍ ഓവുങ്ങല്‍ ജംഗ്ഷന്‍ മുതല്‍ വെള്ളിക്കുളങ്ങര വരെ മെക്കാഡം ടാറിംഗിന് അനുമതിയായ സാഹചര്യത്തില്‍ പ്രവൃത്തി തുടങ്ങുന്നതിന് മുന്‍പായി റോഡിനടിയില്‍ നിലവിലുള്ള കുടിവെള്ള പദ്ധതികളുടെ പൈപ്പ് ലൈനുകള്‍ മാറ്റി സ്ഥാപിക്കണമെന്ന് മറ്റത്തൂര്‍ പഞ്ചായത്തിലെ ബി.ജെ.പി.അംഗങ്ങളായ ശ്രീധരന്‍ കളരിക്കല്‍, സി.വി.ഗിനീഷ്, സന്ധ്യാ സജീവന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
ഇരുപത് വര്‍ഷത്തോളം പഴക്കമുള്ള ഈ പൈപ്പ് ലൈനുകള്‍ കാലപ്പഴക്കം മൂലം പൊട്ടിപ്പൊളിഞ്ഞ് റോഡ് തകരുന്നത് നിത്യ സംഭവമാണ്.റോഡ് വികസനത്തിനായി വീതികൂട്ടല്‍ നടത്തുമ്പോള്‍ ഈ പൈപ്പുകള്‍ റോഡിന്റെ മദ്ധ്യഭാഗത്തായിത്തീരും. കോടികള്‍ ചിലവഴിച്ച് മെക്കാഡം ടാറിംഗ് നടത്തിയതിനു ശേഷം പൈപ്പ് ലൈനുകളില്‍ തകരാറുണ്ടായാല്‍ അത് ശരിയാക്കാനായി റോഡ് വീണ്ടും കുത്തിപ്പൊളിക്കേണ്ടതായും വരും..
കൊടകരയില്‍ നിന്നും വാസുപുരം വരെ ഒന്നാം ഘട്ടം മെക്കാഡം ടാറിങ്ങ് നടത്തിയ റോഡില്‍ പഴയ പൈപ്പുകള്‍ പൊട്ടുന്നത് പതിവായതിനാല്‍ നിരന്തരം റോഡ് പൊളിച്ചു കൊണ്ടിരിക്കുകയാണ്. പഴകിയ പൈപ്പ് ലൈനുകള്‍ മാറ്റിയില്ലെങ്കില്‍ ഇതേ അവസ്ഥ തന്നെ ഇവിടെയും സംഭവിക്കും.ആയതിനാല്‍ മെക്കാഡം ടാറിംഗ് നടത്തുന്നതിന് മുന്‍പായി റോഡിലൂടെ പോകുന്ന കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈനുകള്‍ അടിയന്തിരമായി മാറ്റി സ്ഥാപിക്കണമെന്നാണ് ആവശ്യം.