പഞ്ചാരി കേട്ട് പാണ്ടി കേട്ട്…. ഒന്നാംകാലം മുതല്‍ ഓണ്‍ലൈനില്‍ കൊട്ടിക്കയറി കൊടകരയുടെ മേളപ്പെരുക്കം..

കൊടകര : സംഗീതസാന്ദ്രമായ പഞ്ചാരിയും രൗദ്രതയുടെ ഈണം പകരുന്ന പാണ്ടിമേളവും സമൂഹമാധ്യമ കൂട്ടായ്മയിലൂടെ തത്സമയം ആസ്വാദകരിലേക്കെത്തിച്ച് കൊടകരയിലെ മേളകലാകാരന്‍മാര്‍. വാദ്യകലാകാരന്‍മാരുടെ കൂട്ടായ്മയായ കൊടകര മേളകലാസംഗീതസമിതിയിലെ പതിനൊന്നുപേര്‍ ചേര്‍ന്നാണ് ആശങ്കയുടെ മുള്‍മുനയില്‍നില്‍ക്കുന്ന ഉത്സവക്കാലത്തിന് മുന്നോടിയായി താളവട്ടങ്ങളുടെ മേളപ്പെരുക്കം തീര്‍ത്തത്. കുംഭച്ചൂടാറുംമുമ്പേ അഴിച്ചുവച്ച ചെണ്ടകള്‍ വീണ്ടും വലിച്ചു മുറുക്കുകയായിരുന്നു അവര്‍. പൂരപ്പറമ്പിലല്ല, നമസ്‌തെ കൈരളി എന്ന ഫേസ്ബുക്ക് കൂട്ടായ്മയുടെ ഉത്സവകൈരളിയില്‍ ‘ പഞ്ചാരികേട്ട് പാണ്ടി കേട്ട് ‘എന്ന പരിപാടിയിലാണ് ചെമ്പടവട്ടങ്ങല്‍ കൊട്ടിക്കയറിയത്.

കോവിഡിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ഉത്സവസീസണില്‍ പെരുവനംപൂരവും ദേവമേളയായ ആറാട്ടുപ്പുഴ പൂരവും പൂരങ്ങളുടെ പൂരമായ തൃശൂര്‍പൂരവും കൂടല്‍മാണിക്യം ഉത്സവവും എല്ലാം ഉപേക്ഷിച്ചതോടെ വീടുകളില്‍ ഒതുങ്ങിക്കൂടി മനസ്സുകളില്‍ താളമിട്ടിരുന്ന ഇവര്‍ക്കും ആയിരക്കണക്കിനു ആസ്വാദകര്‍ക്കും ആനയും അമ്പാരിയും ആറാട്ടുമില്ലെങ്കിലും ആഘോഷത്തിന്റെ അനുപമവേദിയായിരുന്നു ഉത്സവകൈരളി സമ്മാനിച്ചത്. ക്ഷേത്രസന്നിധികളില്‍ പൊന്നിന്‍ തലേക്കെട്ടണിഞ്ഞ ഗജവീരന്‍മാര്‍ക്കുമുമ്പില്‍ കത്തിയെരിയുന്ന കൈപ്പന്തങ്ങളുടെ ശോഭയില്‍ വൃശ്ചികംമുതല്‍ മേടംവരെ നീളുന്ന പകലിരവുകളില്‍ വാദ്യഘോഷം മുഴക്കിയ കലാകാരന്‍മാര്‍ക്കും പൂരപ്രേമികള്‍ക്കും ഈ കലോപാസന നവ്യാനുഭവമായി മാറി.

കൊറോണ മഹാമാരിയുടെ താണ്ഡവത്തിനിടയിലും തോളത്തുതൂങ്ങുന്ന തോലിട്ടവാദ്യമായ ചെണ്ടയില്‍ തോല്‍പ്പറ്റുള്ള കയ്യും കോലും പ്രയോഗിച്ചത് ലോകമെങ്ങുമുള്ള പതിനായിരക്കണക്കിന് കലാസ്‌നേഹികളാണ് തത്സമയം ആസ്വദിച്ചത്. ലോകത്തിന്റെ വിവിധകോണുകളിലിരുന്ന് ആയിരങ്ങളാണ് പഞ്ചാരിയുടേയും പാണ്ടിയുടേയും താളവട്ടങ്ങള്‍ക്കനുസരിച്ച് താളംപിടിക്കുകയും കമന്റുകളും ഷെയറുകളുമായി ഈ കൊടകരയുടെ വാദ്യവൃന്ദത്തെ പ്രോത്സാഹിപ്പിച്ചത്. മേളകലാസമിതി പ്രവര്‍ത്തകരായ കൊടകര ഉണ്ണി, വിജില്‍ ആര്‍ മേനോന്‍, അരുണ്‍ പാലാഴി എന്നിവര്‍ ഉരുട്ടുചെണ്ടയിലും കൊടകര അനൂപ്, കീനൂര്‍ അഭിലാഷ് എന്നിവര്‍ കുറുംകുഴലിലും മച്ചാട് പത്മകുമാര്‍, കീനൂര്‍ ദീപേഷ് എന്നിവര്‍ കൊമ്പിലും കൊടകര അനീഷ്, മറ്റത്തൂര്‍ അനന്തു എന്നിവര്‍ വലംതലയിലും ബിബിന്‍ദാസ് മുപ്ലിയം, കൊടകര അഭിജിത്ത് എന്നിവര്‍ ഇലത്താളത്തിലും അണിനിരന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!