വെള്ളിക്കുളങ്ങര : പരീക്ഷ കഴിയാന്‍ കാത്തുനില്‍ക്കുകയായിരുന്നു പ്ലസ് ടു വിദ്യാര്‍ഥിയായ ഹാരൂസ് തന്റെ കൃഷിയിടത്തിലെ നാനൂറിലധികം വരുന്ന കപ്പ പറിക്കാന്‍. ഇക്കഴിഞ്ഞ 26 ന് മുഴുവന്‍ പരീക്ഷയും കഴിഞ്ഞു. ഈ ദിവസത്തിനകം പകുതിയോളം കപ്പക്കടകളും പറിച്ചു. കോവിഡ് കാലത്തെ പ്രതിസന്ധികള്‍ക്കിടയിലെ ഓണ്‍ലൈന്‍പഠനത്തിനിടയിലും പച്ചക്കറികള്‍ ഉള്‍പ്പടെ പലതരം കൃഷിയില്‍ വ്യാപൃതനായ യുവ കര്‍ഷകനാണ് മറ്റത്തൂര്‍ പഞ്ചായത്തിലെ വെള്ളിക്കുളങ്ങര മാവിന്‍ചോട് തെക്കുംപുറം ജയ്മോന്‍-മിന്‍സി ദമ്പതികളുടെ മകന്‍ ഹാരൂസ്.
മുപ്ലിയം വിമല്‍ജ്യോതി സ്‌കൂളില്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ തുടങ്ങിയതാണ് കൃഷിചെയ്യാനുള്ള അഭിനിവേശം. അപ്പാപ്പനായ പൈലി പാടത്തും പറമ്പിലും കൃഷിചെയ്യുന്നത് ഏറെ താല്‍പ്പര്യത്തോടെ നോക്കി നില്‍ക്കാറുണ്ട്. 4 വര്‍ഷം മുമ്പ് മരിച്ചു പോയ അപ്പാപ്പന്‍ തന്നെയാണ് കൃഷിപാഠത്തില്‍ ഹാരൂസിന്റെ ഗുരു. പുതുക്കാട് ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ് ടു ബയോസയന്‍സ് വിദ്യാര്‍ഥിയായ ഹാരൂസിന് കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ക്ലാസ്സുകള്‍ ഓണ്‍ലൈനിലൂടെ ആക്കിയപ്പോള്‍ കൃഷി ചെയ്യാന്‍ കൂടുതല്‍ സമയം കിട്ടി.
50 സെന്റുള്ള പാടത്തിന്റെ പകുതിയിലും കപ്പയും കൂര്‍ക്കയും കൃഷി ചെയ്തു.കൂര്‍ക്കയൊക്കെ നേരത്തെ പറിച്ചു. അവശേഷിക്കുന്നത് കപ്പയായിരുന്നു. പരീക്ഷ കഴിയാനായി കാത്തുനില്‍ക്കുകയായിരുന്നു.ഇപ്പോള്‍ അതും പറിച്ചു. പച്ചക്കറികളായ വഴുതന, ചേന, വെണ്ട,പയര്‍,പാവക്ക, പപ്പായ, പച്ചമുളക്, തക്കാളി, മഞ്ഞള്‍, ഇഞ്ചി എന്നിവ വീടിനു പുറകിലെ പറമ്പിലാണ് കൃഷി ചെയ്തിരുന്നത്. പച്ചക്കറികള്‍ മാത്രമല്ല കോഴി, താറാവ്, മുയല്‍ എന്നിവയും ഹാരൂസ് കൃഷി ചെയ്യുന്നുണ്ട്. പിതാവ് ജയ്മോന്‍ വിദേശത്താണ്. അമ്മ മിന്‍സിയും സഹോദരങ്ങളായ ഹെലന്‍, ഹെയിന്‍മേരി എന്നിവരും കൃഷിയിടത്തില്‍ ഹാരൂസിന് പ്രോത്സാഹനവും സഹായവുമായുണ്ടാകാറുണ്ട്. .
സ്‌കൂള്‍ ദിനങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ക്കുശേഷം വൈകീട്ട് 4 മണിയോടെയാണ് പണിയായുധങ്ങളുമായി പാടത്തേക്ക് ഹാരൂസ് ഇറങ്ങാറുള്ളത്. ചിലദിവസങ്ങളില്‍ രാത്രി ഏറെ വൈകിയും ജോലി തുടരും. ഒട്ടുമിക്ക വിളകളും വിളവെടുപ്പ് കഴിഞ്ഞു. കിലോ കണക്കിന് മഞ്ഞള്‍ പറിച്ച് ഉണക്കി വില്‍പ്പന നടത്തി. കൊള്ളി ഇപ്പോള്‍ കൊടുത്തു തുടങ്ങി. മുപ്പതോളം നേന്ത്രവാഴകളും ഹാരൂസ് വച്ചിട്ടുണ്ട്. ഉപരിപഠനത്തിന് ചേര്‍ന്നാലും കൃഷിയും കൃഷിപാടങ്ങളും കൈവിടാന്‍ ഒരുക്കമല്ല ഈ യുവകര്‍ഷകന്‍.