Breaking News

വിടപറഞ്ഞത് കൊടകരയുടെ ആധ്യാത്മികസൗഭഗം; കുട്ടികളുടെ കൂട്ടുകാരി

കൊടകര :  ആധ്യാത്മികരംഗത്ത് അധ്യാപികയുടെ മികവോടെ ആയിരങ്ങള്‍ക്ക് അറിവിന്റെ ആത്മജ്ഞാനം പകര്‍ന്ന സ്ത്രീസാന്നിധ്യമായിരുന്നു തിങ്കളാഴ്ച  അന്തരിച്ച കൊടകര കാവില്‍ അരിക്കാട്ട് കാമാക്ഷിക്കുട്ടിയമ്മ.

അറിയപ്പെടുന്ന നിരൂപകനും അധ്യാപകനും അക്ഷരശ്ലോക ആചാര്യനുമായിരുന്ന പി.ജി.പുരുഷോത്തമന്‍പിള്ള എന്ന പി.ജി.പി പിള്ളയുടെ ധര്‍മപത്‌നിയായിരുന്ന ഇവര്‍ പി.ജി.പിയുടെ  സാന്നിധ്യ സൗഭഗം കൊണ്ടുതന്നെ ഭക്തിസാഹിത്യരംഗത്തും കുട്ടികള്‍ക്കായുള്ള രചനകളിലും  നിറസാന്നിധ്യമായി മാറിയ മഹതിയായിരുന്നു. കുട്ടികളുടെ ശ്രീനാരായണഗുരു, കുട്ടികളുടെ ശ്രീരാമകൃഷ്ണന്‍, കുട്ടികളുടെ നിവേദിത, കുട്ടികളുടെ വിവേകാനന്ദന്‍,നബിയുടെ കഥ, വിദ്യാധിരാജന്‍, തിരുക്കുറള്‍ പരിഭാഷ, ചാണക്യനീതിസാരം, സ്‌തോത്രരത്‌നങ്ങള്‍, മഹാഭാഗവത പ്രഭാവം  എന്നിങ്ങനെ ഒട്ടനവധി കൃതികളാണ് കാമാക്ഷിക്കുട്ടിയമ്മയുടെ തൂലികയിലൂടെ പുറത്തിറങ്ങിയിട്ടുള്ളത്.

ഭക്തിരസപ്രധാനവും കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെടുന്നതുമായ മുഴുവന്‍ കൃതികളും  തൃശൂര്‍ ശ്രീരാമകൃഷ്ണമഠമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പി.ജി.പി പിള്ള കൊടകര ഗവ.നാഷണല്‍ സ്‌കൂളില്‍നിന്നും മംഗലാപുരത്തേക്കു ജോലിമാറ്റം കിട്ടി പോയപ്പോള്‍ കാമാക്ഷിക്കുട്ടിയമ്മയും അദ്ദേഹത്തിനൊപ്പം പോയി. പിന്നീട് തിരൂരും പാലക്കാടുമൊക്കെയായി പതിയുടെ ഔദ്യോഗിക ജിവിതത്തോടൊപ്പമായിരുന്നു ഈ ധര്‍മപത്‌നിയുടേയും ജീവിതം.

ഭക്തിരസപ്രധാനമായ ജീവിതം മുഴുവന്‍   വായനയ്ക്കും ലളിതാസഹസ്രനാമപഠനത്തിനും പരിശീലനത്തിനും ഭാഗവത്ഗീതക്ലാസ്സുകള്‍ക്കുമായി  ഉഴിഞ്ഞുവച്ച  ആധ്യാത്മികതേജസ്സുറ്റ  മഹതിയായിരുന്നു. പി.ജി.പി പിള്ള  കൊടകര പൂനിലാര്‍ക്കാവ് ക്ഷേത്രത്തിന്റെ ആദ്യ അഡ്‌ഹോക്ക് കമ്മിറ്റിയുടെ രക്ഷാധികാരിയായപ്പോഴും അതിന് ചാലകശക്തിയായി കാമാക്ഷിക്കുട്ടിയമ്മ ഒപ്പമുണ്ടായിരുന്നു.

തദ്ദേശസ്വയംഭരണതെരഞ്ഞെടുപ്പില്‍ പതിറ്റാണ്ടുകള്‍ക്കുമുമ്പ് ഭാരതീയ ജനതാപാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി കൊടകര പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ നിന്നും മത്സരിച്ചു. പൂനിലാര്‍ക്കാവ് ക്ഷേത്രം കേന്ദ്രീകരിച്ച്് നടത്തിയ ഭഗവത്ഗീത ക്ലാസ്സുകളിലൂടെ ഒട്ടനവധി കരുന്നുകള്‍ അറിവിന്റെ ആത്മജ്ഞാനം നുകര്‍ന്നു. പി.ജി.പിയുടെ നേതൃത്വത്തില്‍ നടന്നു വന്ന അഖിലകേരള അക്ഷരശ്ലോകപരിഷത്തിന്റെ കൊടകരശാഖയിലെ പ്രവര്‍ത്തകര്‍ക്ക്് സഹായഹസ്തമായിരുന്നു ഈ വനിത. അക്ഷരശ്ലോകരംഗത്തെ ഒട്ടനവധി ആചാര്യന്‍മാര്‍ ആ സ്‌നേഹ സാന്ത്വനം അറിഞ്ഞിട്ടുള്ളവരാണ്.

കൊടകരയിലെ രണ്ടരദശാബ്ദം നീണ്ടുനിന്ന ജീവിതത്തിനുശേഷം വീണ്ടും പാലക്കാട് മൂത്തമകളുടെ അടുത്തേക്ക് താമസം മാറിയ കാമാക്ഷിക്കുട്ടിയമ്മ അവിടെയിരുന്നാണ് ബാലസാഹിത്യകൃതികളുടെ രചന നിര്‍വഹിച്ചത്. ശ്രീരാമകൃഷ്ണപരമഹംസന്‍,സ്വാമി വിവേകാനന്ദന്‍, ശ്രീനാരായണഗുരു തുടങ്ങിയ മഹാന്‍മാരെക്കുറിച്ച് കുട്ടികള്‍ക്ക് എളുപ്പം മനസ്സിലാവും വിധം  ലളിതകോമളപദാവലികളെക്കൊണ്ടാണ് ശ്രീരാമകൃഷ്ണപബ്ലിഷേഴ്‌സിനുവേണ്ടി ബാലസാഹിത്യകൃതികളുടെ രചന നിര്‍വഹിച്ചത്. പ്രായാധിക്യംമൂലമുള്ള അസുഖത്തെത്തുടര്‍ന്ന് തിങ്കളാഴ്ച  രാവിലെ പാലക്കാട് കല്ലേക്കുളങ്ങര കല്ലേപ്പുള്ളി ജുവല്‍ 3 അപ്പാര്‍ട്ട്‌മെന്റിലായിരുന്നു അന്ത്യം.

കൊടകര ഉണ്ണി

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!