കൊടകര : പട്ടികവിഭാഗങ്ങള്‍ക്ക് തഹസീല്‍ദാരില്‍ നിന്നും ജാതി സര്‍ട്ടിഫിക്കേറ്റ് വാങ്ങേണ്ടതില്ലെന്നും പകരം എസ്.എസ്.എല്‍.സി ബുക്ക് മതിയെന്നുമുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം പിന്‍വലിക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച സംസ്ഥാന ഭാരവാഹിയോഗം സര്‍ക്കാറിനോടാവശ്യപ്പെട്ടു. സര്‍ക്കാരിന്റെ തീരുമാനം പട്ടികജാതി വിഭാഗങ്ങളുടെ അടിത്തറ ഇളക്കുന്നതാണ്.പട്ടികജാതി വിഭാഗങ്ങളിലേക്ക് പരിവര്‍ത്തിത ക്രിസ്ത്യനികളെയും മുസ്ലിങ്ങളെയും മതപരിവര്‍ത്തനം ചെയ്തു പോയവരെയും ഉള്‍പെടുത്താനുള്ള ആസൂത്രിത ഗൂഢാലോചനയാണിതിന് പിന്നില്‍.
പട്ടികവിഭാഗ ആനുകൂല്യങ്ങള്‍ അനര്‍ഹര്‍ തട്ടിയെടുക്കും. എസ്.എസ്.എല്‍.സി ബുക്ക് അടക്കമുള്ള വിദ്യാഭ്യാസ രേഖകളില്‍ രക്ഷിതാക്കള്‍ വാക്കാല്‍ പറയുന്ന ജാതിയാണ് രേഖപെടുത്തുക. ഇത് തിരുത്താനുള്ള അവകാശവുമുണ്ടെന്നിരിക്കെ വ്യാജ പട്ടികജാതിക്കാര്‍ വര്‍ധിക്കും. പിന്തുടര്‍ച്ചയും പാരമ്പര്യവും ആചാര രീതികളും രേഖകളും പരിഗണിച്ചാണ് തഹസീല്‍ദാര്‍ സര്‍ട്ടിഫിക്കേറ്റ് നല്‍കുന്നത് ഇതിന്റെ കാലാവധി മുന്ന് വര്‍ഷമാണ്.ഇത് തുടരാന്‍ സര്‍ക്കാര്‍ തയ്യാറാകണം. സംസ്ഥാന സര്‍ക്കാരിന്റെ ഈ തീരുമാനത്തിന് പിന്നില്‍ വന്‍ ഗൂഢാലോചന ഉണ്ട്.
മത പരിവര്‍ത്തന ശക്തികളുടെയും സംഘടിതമതന്യൂന പക്ഷ വോട്ടൂബാങ്ക് മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രീണന തന്ത്രമാണിതിനു പിന്നില്‍ പട്ടിക വിഭാഗ ജനതയുടെ ഭരണഘടനാ പരമായ അവകാശങ്ങള്‍ ആട്ടിമറിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. സിപിഎമ്മും സംസ്ഥാന സര്‍ക്കാരും എല്ലാ കാലഘട്ടത്തിലും പട്ടികജാതി വഞ്ചനയാണ് സ്വീകരിച്ചിട്ടുള്ളത് .കോഴിക്കോട് ,കോയമ്പത്തൂര്‍ പാര്‍ട്ടി കോണ്‍ഗ്രസുകളില്‍ പരിവര്‍ത്തിത ക്രിസ്ത്യാനികളെ പട്ടികജാതി സംവരണ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണം എന്ന് ആവശ്യപ്പെട്ടു പ്രമേയം പാസാക്കുകയും രജീന്ദര്‍സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ മറവില്‍ പാലോളി കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കി കേരളത്തിലെ സാമൂഹ്യ നീതി അട്ടിമറിച്ചവരാണ് സിപിഎം. സംസ്ഥാന സര്‍ക്കാരിന്റെ പട്ടികജാതി സമൂഹത്തെ വഞ്ചിക്കുന്ന ഉത്തരവ് പിന്‍വലിക്കണം എന്നാവശ്യപ്പെട്ടു സംസ്ഥാനത്ത് പ്രക്ഷോഭം സംഘടിപ്പിക്കുവാന്‍ സംസ്ഥാന ഭാരവാഹികളുടെ യോഗം തീരുമാനിച്ചു.
12 ന് 140 നിയോജകമണ്ഡലം കേന്ദ്രങ്ങളില്‍ രാവിലെ 10ന് പ്രതിഷേധ ജ്വാല സംഘടിപ്പിക്കുകയും ഉത്തരവിന്റെ കോപ്പി കത്തിക്കുകയും ചെയ്യും .ഭാരവാഹിയോഗത്തില്‍ പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ സി എം മോഹനന്‍. അഡ്വ സ്വപ്നജിത്ത്, പി കെ ബാബു, അഡ്വ. സന്ദീപ് കുമാര്‍, കെ.കെ ശശി, രമേശ് കൊച്ചുമുറി എന്നിവര്‍ പ്രസംഗിച്ചു.