കൊടകര : പേരാമ്പ്ര പുത്തുക്കാവ് ദേവീക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം ഭക്തിസാന്ദ്രമായി. ഊഴക്കാരായ അഴകം-വെല്ലപ്പാടി ദേശക്കാരുടെ ആഭിമഖ്യത്തിലായിരുന്നു ആഘോഷം. നിര്‍മാല്യം, കളഭം,പഞ്ചഗവ്യം, ശ്രീഭൂതബലി ,എഴുന്നള്ളിപ്പ് ,പഞ്ചാരിമേളം, കാഴ്ചശിവേലി, പഞ്ചവാദ്യം, പാണ്ടിമേളം, കേളി,കൊമ്പുപറ്റ്, കുഴല്‍ പറ്റ്, മണ്ഡപത്തില്‍ ബ്രാഹ്മണിപ്പാട്ട്, വിവിധസമുദായക്കാരുടെ താലിവരവ്, വിളക്ക് എഴുന്നള്ളിപ്പ് , പാരമ്പര്യ അനുഷ്ഠാനകലകള്‍ എന്നിവയുണ്ടായി.
മേളത്തിന് പെരുവനം സതീശന്മാരാര്, കൊടകര അനൂപ്, കണ്ണമ്പത്തൂര്വേണുഗോപാല്, മച്ചാട് പത്മകുമാര്‍, കുമ്മത്ത് നന്ദനന്‍ എന്നിവരും പഞ്ചവാദ്യത്തിന് പല്ലാവൂര്‍ ശ്രീധരന്മാരാര്, പെരിങ്ങോട് ഉണ്ണികൃഷ്ണന് എന്നിവരും നേതൃത്വംനല്കി. ചിറക്കല്‍ കാളിദാസന് ദേവിയുടെ തിടമ്പേറ്റി.ചടങ്ങുകള്‍ക്ക് തന്ത്രി അഴകത്ത് മനയ്ക്കല്‍ ത്രിവിക്രമന്‍ നമ്പൂതിരി, ഹരിദത്തന്‍ നമ്പൂതിരി,മേല്‍ശാന്തി ഹരികൃഷ്ണന് എമ്പ്രാന്തിരി എന്നിവര്‍ കാര്‍മികത്വം വഹിച്ചു.
ആഘോഷക്കമ്മിറ്റി ഭാരവാഹികളായ ശശിധരന് പാട്ടത്തില്‍, എ.കെ.പ്രേമന്,ജയന് പാലക്കല്‍, ശശി തൃക്കശ്ശേരി, ഉണ്ണി എടാട്ട്, രഘുനാഥ് ആന്തപ്പിള്ളി, മോഹനന് തൊമ്മാത്ത് , ക്ഷേത്രംഭാരവാഹികളായ ഇ.രവീന്ദ്രന്, എം.സുനില്‍കുമാര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.