Breaking News

സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ ലഹരി വിരുദ്ധ സദസ്സ് നടത്തി

കൊടകര : ഘട്ടംഘട്ടമായി മദ്യലഭ്യത കുറച്ചുകൊണ്ടുവരുമെന്നും മദ്യവര്‍ജ്ജനത്തിലേക്ക് കേരളത്തെ കൈപിടിച്ചു നടത്തുമെന്നും വാഗ്ദാനം നല്‍കി അധികാരത്തിലേറിയ ഇടതുമുന്നണി സര്‍ക്കാര്‍ അവ നടപ്പിലാക്കണമെന്ന് ഇരിങ്ങാലക്കുട രൂപതാമെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍. കേരള സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ ഇരിങ്ങാലക്കുട രൂപതയുടെ ചാലക്കുടി മേഖല കൊടകരയില്‍ സംഘടിപ്പിച്ച ലഹരി വിരുദ്ധ ജാഗ്രതാസദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളം അതിവിനാശകരമായ മദ്യവിപത്തിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. നഗരങ്ങളിലും ഉള്‍നാടുകളിലും കൈയ്യകലത്തില്‍ മദ്യഷാപ്പുകള്‍ തുറന്നിട്ട് ജനങ്ങളെ മദ്യപിക്കാന്‍ ക്ഷണിക്കുന്ന സര്‍ക്കാര്‍ വിമുക്തിയെന്ന കപടപ്രചാരണത്തിലൂടെ മദ്യത്തില്‍ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കുകയാണെന്ന പ്രസഹനവും നടത്തുന്നു. പുതിയ മദ്യനയത്തില്‍ എണ്ണമില്ലാത്തവിധം വിദേശമദ്യഷാപ്പുകളും, വൈന്‍ – ബിയര്‍ പാര്‍ലറുകളും കള്ളുഷാപ്പുകളും ഐടി പാര്‍ക്കുകളില്‍ മദ്യശാലകളും തുറക്കുമ്പോള്‍ സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് വെളിവാകുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.

മദ്യലഭ്യത ഘട്ടം ഘട്ടമായി കുറക്കുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കുക, പുതിയതായി അനുവദിച്ച എല്ലാ മദ്യശാലകളും ഉടന്‍ അടച്ചുപൂട്ടുക,മദ്യശാലകള്‍ തുറക്കുന്നതു സംബന്ധിച്ച് അധികാരം തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് തിരിച്ചുനല്‍കുക, മദ്യശാലകള്‍ തുറക്കുന്നത് സംബന്ധിച്ച് മുമ്പുണ്ടായിരുന്ന ദൂരപരിധി വ്യവസ്ഥ പുനസ്ഥാപിക്കുക, ഇപ്പോഴത്തെ മദ്യനയം പിന്‍വലിക്കുക, ലഹരിവസ്തുക്കളുടെ ലഭ്യതയും ഉപയോഗവും ഇല്ലാതാക്കുവാന്‍ കര്‍ശന നിയമങ്ങള്‍ ആവിഷ്‌ക്കരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ സര്‍ക്കാര്‍ ഉടന്‍ നടപ്പിലാക്കണമെന്ന് ലഹരി വിരുദ്ധ ജാഗ്രതാസദസ്സ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ജാഗ്രതാസദസ്സിന്റെ ഭാഗമായി നടന്ന പ്രതിഷേധ റാലി കൊടകര ഫൊറോന പള്ളി വികാരി ഫാ. ഡേവീസ് കല്ലിങ്ങല്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ഇരിങ്ങാലക്കുട രൂപത വികാരി  ജോയ് പാലിയേക്കര അദ്ധ്യക്ഷത വഹിച്ചു. കേരള മദ്യനിരോധന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി സി.സി. സാജന്‍, രൂപത മദ്യവിരുദ്ധ സമിതി ഡയറക്ടര്‍ ഫാ. ജോണ്‍പോള്‍ ഈയ്യന്നം, മദ്യവിരുദ്ധ സമിതി രൂപത പ്രസിഡന്റ് ബാബു മൂത്തേടന്‍, മേഖല കണ്‍വീനര്‍ നൈജോ വാസുപുരത്തുക്കാരന്‍, ഫാ. വിമല്‍ പേങ്ങിപറമ്പില്‍, ഫാ. പോളി കണ്ണൂക്കാടന്‍ ജൂനിയര്‍, മദ്യവിരുദ്ധ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് അന്തോണിക്കുട്ടി ചെതലന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!