Breaking News

ആനന്ദപുരത്തെ വിദ്യാലയപ്പെരുമയ്ക്ക് ഗവര്‍ണ്ണര്‍ ആനന്ദബോസിന്‍റെ അനുമോദനം

ആനന്ദപുരം: അരിത്തോട്ടത്ത് മനപ്പറമ്പിലെ നാലേക്കറില്‍ പന്തലിച്ച അക്ഷരപ്പെരുമയ്ക്ക് സപ്തതി വര്‍ഷത്തില്‍ അനുമോദനവുമായ് പശ്ചിമ ബംഗാളിന്‍റെ ഗവര്‍ണ്ണറെത്തി. അവകാശികളായ മൂന്ന് തലമുറക്കാരൊന്നിച്ച് അതേറ്റുവാങ്ങിയപ്പോള്‍ ആനന്ദപുരത്തുകാര്‍ക്ക് ആ നിമിഷം അവിസ്മരണീയമായി.

പശ്ചിമബംഗാള്‍ ഗവര്‍ണ്ണര്‍ ഡോ.സി.വി.ആനന്ദബോസ് ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍സെക്കന്‍ഡറി സ്കൂളിന്‍റെ മാതൃകാപരമായ പ്രവര്‍ത്തനങ്ങളെക്കുറിച്ചറിഞ്ഞാണ് മാനേജ്മെന്‍റ് പ്രതിനിധികളെ നേരില്‍ കണ്ട് അഭിനന്ദിക്കാനെത്തിയത്. സ്കൂള്‍ മാനേജര്‍ ലീല അന്തര്‍ജ്ജനം, മകന്‍ എ.എന്‍.നീലകണ്ഠന്‍ നമ്പൂതിരി , ചെറുമകന്‍ അനൂപ്‌ അരിത്തോട്ടം എന്നിവരെ ആനന്ദപുരത്തെ വീട്ടിലെത്തിയാണ് ഗവര്‍ണ്ണര്‍ സന്ദര്‍ശിച്ചത്.
ലീല അന്തര്‍ജ്ജനത്തിന്‍റെ ഭര്‍ത്താവ് നീലകണ്ഠന്‍ നമ്പൂതിരി 1952ലാണ് തറവാട്ടുഭൂമിയില്‍ സ്കൂള്‍ സ്ഥാപിച്ച് ഗ്രാമത്തിന് അക്ഷരവെളിച്ചമേകിയത്.

കൊടകര ഗവ.സ്കൂളില്‍ അധ്യാപകനായിരുന്ന അദ്ദേഹം സ്വന്തം സ്കൂളിന്‍റെ ആദ്യത്തെ പ്രധാനാധ്യാപകനും മാനേജരുമായിരുന്നു.ജന്മനാടിന്‍റെ സാംസ്കാരികമായ വളര്‍ച്ചയ്ക്ക് വേണ്ടി ഒരു വിദ്യാലയം സമ്മാനിച്ച നീലകണ്ഠന്‍ നമ്പൂതിരിയുടെ സേവനതാല്‍പര്യത്തെയും അതേറ്റെടുത്ത് സ്കൂളിനെ ലാഭേച്ഛായില്ലാത്ത പ്രസ്ഥാനമായി കൂടുതല്‍ മികവോടെ നയിക്കുന്ന പിന്‍മുറക്കാരെയും രാജ്യം മാതൃകയാക്കേണ്ടതാണെന്ന് ഗവര്‍ണ്ണര്‍ പറഞ്ഞു.

ഏഴ്പതിറ്റാണ്ടായി തലമുറകള്‍ക്ക് വിദ്യാഭ്യാസവും കലാ-കായിക പ്രോത്സാഹനങ്ങളും നല്‍കുന്ന അരിത്തോട്ടത്ത് കുടുംബാംഗങ്ങളുടെ പ്രയത്നങ്ങളെയും സ്കൂളിന്‍റെ ഇതുവരെയുള്ള നേട്ടങ്ങളെയും വിലയിരുത്തിയാണ് അദ്ദേഹം സ്കൂളിന്‍റെ ഇപ്പോഴത്തെ അവകാശികളെ കാണാനെത്തിയത്.

ശാരീരിക വെല്ലുവിളി നേരിടുന്ന ഒട്ടേറെ കുട്ടികള്‍ക്ക് കൂടുതല്‍ പരിഗണനയോടെ മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് ശ്രീകൃഷ്ണ സ്കൂള്‍ മാനേജ്മെന്‍റ് പ്രതിനിധികളും അധ്യാപകരും പുലര്‍ത്തുന്ന ജാഗ്രതയെ ഗവര്‍ണ്ണര്‍ പ്രശംസിച്ചു. നീലകണ്ഠന്‍ നമ്പൂതിരിയുടെ ചെറുമകന്‍ അനൂപ്‌ അരിത്തോട്ടവുമായുള്ള ആശയസമ്പര്‍ക്കത്തിലൂടെയാണ് പശ്ചിമ ബംഗാള്‍ ഗവര്‍ണ്ണറായ ആനന്ദബോസ് ആനന്ദപുരത്തെ ശ്രീകൃഷ്ണ വിദ്യാലയത്തിന്‍റെ വിശ്ശേഷങ്ങളറിയുന്നത്. കൊല്‍ക്കത്തയിലെ രാജ്ഭവനില്‍ ഗവര്‍ണ്ണര്‍ ആനന്ദബോസിനോടൊപ്പം നിരവധി സംരംഭങ്ങളില്‍ ചേര്‍ന്ന്‍ പ്രവര്‍ത്തിയ്ക്കുകയാണ് അനൂപ്‌ ഇപ്പോള്‍.

ഇന്ത്യയിലും വിദേശത്തുമായി നിരവധി വര്‍ഷത്തെ കോര്‍പ്പറേറ്റ് അനുഭവങ്ങളും സാമൂഹികമായി പിന്നാക്കമുള്ള സമൂഹങ്ങളെ പിന്തുണയ്ക്കുന്നതില്‍ ഏര്‍പ്പെടുകയും വിവിധ സര്‍ക്കാര്‍ സംരംഭങ്ങളിലും വ്യാവസായിക ഇടപെടലുകളിലും ഉപദേശം നല്‍കല്‍ തുടങ്ങിയ സേവനങ്ങളാണ് അനൂപ് അരിത്തോട്ടത്തെ ഗവര്‍ണ്ണറുമായി കൂടിച്ചേരലിന് അവസരമൊരുക്കിയത്.

എഴുത്തുകാരനും ഇന്ത്യയില്‍ ഗവര്‍ണ്ണറായി സേവനമനുഷ്ടിക്കുന്ന ഏക മുന്‍ ഐ.എ.എസ്സുകാരനായ ഡോ.സി.വി.ആനന്ദബോസിന്‍റെ സന്ദര്‍ശനം ആനന്ദപുരത്തുകാര്‍ക്കും അരിത്തോട്ടത്ത് കുടുംബക്കാര്‍ക്കും അവിസ്മരണീയമായ അനുഭവമായി. സാധാരണക്കാര്‍ക്ക് പ്രയോജനപ്പെടുന്ന നിരവധി ദേശീയ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കുന്ന അദ്ദേഹത്തിന്‍റെ ശ്രദ്ധയില്‍ ആനന്ദപുരത്തെ ശ്രീകൃഷ്ണ വിദ്യാലയം മാതൃകയായതില്‍ അഭിമാനമുണ്ടെന്ന് സ്കൂള്‍ മാനേജര്‍ ലീല അന്തര്‍ജ്ജനം പറഞ്ഞു.

1996ല്‍ നീലകണ്ഠന്‍ നമ്പൂതിരിയുടെ മരണശേഷമാണ് പത്നി ലീല അന്തര്‍ജ്ജനം സ്കൂളിന്‍റെ നടത്തിപ്പ് ഏറ്റെടുത്തത്. പ്രായാധിക്യത്തിന്‍റെ അവശതകള്‍ മൂലം പ്രവര്‍ത്തന ചുമതലകള്‍ മക്കള്‍ നിര്‍വ്വഹിച്ചു പോരുന്നു. ആശയങ്ങളുടെ നാഥന്‍ എന്ന വിശ്ശേഷണത്തിന് അര്‍ഹനായിട്ടുള്ള ഡോ.സി.വി.ആനന്ദബോസിന്‍റെ നേരിട്ടുള്ള അനുമോദനം വിദ്യാലയ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയില്‍ കൂടുതല്‍ ആത്മധൈര്യം പകരുന്നതാണെന്ന് മകന്‍ എ.എന്‍.നീലകണ്ഠന്‍ നമ്പൂതിരി പറഞ്ഞു. വിദ്യാലയത്തിന്‍റെ സപ്തതിയാഘോഷത്തിന്‍റെ ഭാഗമായി ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളുടെ സമാപനം 2024ല്‍ നടക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!