കൊടകര: ദേശീയപാതയില്‍ കൊടകരയിലും പേരാമ്പ്രയിലും നന്തിക്കരയിലും വാഹനാപകടങ്ങളില്‍ രണ്ടുപേര്‍ക്ക് പരിക്ക്. വാഹനങ്ങള്‍ തകര്‍ന്നു. ഒരാളെ പരിക്കുകളോടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അപ്പോളോ ടയേഴ്‌സിനു സമീപം നിര്‍ത്തിയിട്ടിരുന്ന കണ്ടെയ്‌നര്‍ ലോറിക്കു പിറകില്‍ ചരക്കുലോറിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ചരക്കുലോറിയുടെ കാബിനില്‍ കുടുങ്ങിപ്പോയ ഡ്രൈവര്‍ തമിഴ്‌നാട് സ്വദേശി പൊന്നഴകനാണ് പരിക്കേറ്റത്. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് അപകടം. ചാലക്കുടിയില്‍നിന്നെത്തിയ ഫയര്‍ഫോഴ്‌സും കൊടകര പോലീസും ചേര്‍ന്നാണ് ഇയാളെ പുറത്തെടുത്ത് ചാലക്കുടിയിലെ ആസ്പത്രിയില്‍ എത്തിച്ചത്. ചരക്കുലോറിയുടെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. രാത്രിയില്‍ ദേശീയപാതയിലെ അനധികൃത പാര്‍ക്കിങ് മൂലം ഇവിടെ അപകടങ്ങള്‍ പതിവാണ്.
അപകടത്തെത്തുടര്‍ന്ന്, സ്ഥലത്തെത്തിയ ഹൈവേ പോലീസിന്റെ കാറിനു പിറകില്‍ പച്ചക്കറി കയറ്റിവന്നിരുന്ന ലോറി ഇടിച്ചു. ലോറിയപകടത്തില്‍ പരിക്കേറ്റയാളെ രക്ഷപ്പെടുത്തുന്നതിനായി ദേശീയപാതയില്‍ തന്നെ പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നു കാര്‍. കാറിലിടിച്ചശേഷം നിയന്ത്രണംവിട്ട ലോറി ഡിവൈഡറിലേക്ക് ഇടിച്ചുകയറി. കാര്‍ ഭാഗികമായി തകര്‍ന്നു. ഹൈവേ പോലീസിന് അഞ്ചുദിവസംമുമ്പ് പുതുതായി അനുവദിച്ചുകിട്ടിയ കാറാണ് അപകടത്തില്‍പ്പെട്ടത്.
നന്തിക്കരയില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനു പിന്നില്‍ ലോറിയിടിച്ച് ഒരാള്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ 10 മണിയോടെയായിരുന്നു അപകടം. ലോറിയിടിച്ചതിനെ തുടര്‍ന്ന് മുന്നോട്ടുനീങ്ങിയ കാര്‍ മുന്നിലുണ്ടായിരുന്ന രണ്ട് വാഹനങ്ങളിലിടിച്ചു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
ദേശീയപാതയിലെ കൊടകര മേല്‍പ്പാലത്തിനു സമീപം റോഡിലെ കുഴിയില്‍ ചാടി മിനിലോറി മറിഞ്ഞതാണ് മറ്റൊരു അപകടം. വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു ഇത്. കുഴിയില്‍ ചാടിയതിനെത്തുടര്‍ന്ന് മിനി ലോറി നിയന്ത്രണംവിട്ട് സര്‍വ്വീസ് റോഡിലേക്ക് തലകീഴായി മറിയുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന രണ്ടുപേര്‍ നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു. മഴക്കാലമായതോടെ ദേശീയപാതയില്‍ രൂപപ്പെട്ട വലിയ കുഴികള്‍ വാഹനങ്ങള്‍ക്ക് മരണക്കെണിയായി മാറിയിരിക്കയാണ്. കൊടകര ദേശീയപാതയിലെ സര്‍വ്വീസ് റോഡുകളുടെയും ബസ് ബേകളുടെയും പണികള്‍ പൂര്‍ത്തിയാക്കുക, ഹൈവേയിലെ വിളക്കുകള്‍ കത്തിക്കുക, കാനകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ക്കായി കൊടകര പഞ്ചായത്ത് കോടതിയെ സമീപിച്ചിരുന്നു. നിര്‍മ്മാണങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് അനുകൂലവിധി ഉണ്ടായെങ്കിലും നിര്‍മ്മാണപ്രവൃത്തികള്‍ ഏറ്റെടുത്ത് നടത്തുന്ന സ്വകാര്യ കമ്പനി ഇതുവരെ പണികള്‍ നടത്താന്‍ തയ്യാറായിട്ടില്ല.
ദേശീയപാതയിലെ നന്തിക്കര മുതല്‍ പേരാമ്പ്ര വരെയുള്ള ഭാഗങ്ങളില്‍ നിരവധി കുഴികളാണ് കനത്ത മഴയെത്തുടര്‍ന്ന് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. പലതവണ കുഴികളടച്ചിട്ടും വീണ്ടും കുഴികള്‍ രൂപപ്പെടുന്ന സ്ഥിതിയാണിവിടെ. കടപ്പാട്: മാതൃഭുമി