കൊടകര: യു.ഡി.എഫ്. ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണം. തേശ്ശേരിയിലും പുലിപ്പാറകുന്നിലും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ വീടിനു നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് കൊടകര പഞ്ചായത്തില്‍ ശനിയാഴ്ച ഹര്‍ത്താല്‍ നടത്തിയത്. രാവിലെ 8 മുതല്‍ വൈകീട്ട് 6 വരെയായിരുന്നു ഹര്‍ത്താല്‍. ഹര്‍ത്താല്‍ ബസ്സ് സര്‍വ്വീസിനെ ബാധിച്ചില്ല. ഗ്രാമപഞ്ചായത്തിലെ ഏട്ടാം വാര്‍ഡ് തേശ്ശേരിയില്‍ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഡാര്‍ളി പോളിന്റെ തേശ്ശേരിയിലുളള വീടിനു നേരെ ശനിയാഴ്ച പുലര്‍ച്ചെ 4ന് കല്ലേറുണ്ടായി. ജനല്‍ ചില്ലുകള്‍ തകര്‍ന്നു. മുറ്റത്തു നിറുത്തിയിട്ടിരുന്ന കാറിനും കേടുപറ്റി. ബൈക്കിലെത്തിയവരാണ് കല്ലെറിഞ്ഞതെന്ന് പറയുന്നു.
തേശ്ശേരിയിലുളള മുന്‍ ഗ്രാമപഞ്ചായത്ത് അംഗം കെ.പി. ജോര്‍ജ്ജിന്റെ വീട്ടിലേയ്ക്കും പടക്കം പൊട്ടിച്ചിട്ടതായും ആരോപണമുണ്ട്. ഗാന്ധി നഗറിലുളള സി.ഐ.ടി.യു. തൊഴിലാളികളുടെ ഷെഡും രാത്രിയില്‍ തീവെച്ചു നശിപ്പിച്ചിരുന്നു. ഷെഡിലുണ്ടായിരുന്ന രേഖകളും തൊഴിലാളികളുടെ യൂണിഫോമും കത്തി നശിച്ചു. ഷെഡിനു മുകളിലൂടെ കടന്നു പോയിരുന്ന കേബിളുകളും കത്തി നശിച്ചു. വെളളിയാഴ്ച പുലിപ്പാറകുന്നില്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥി അഖില്‍ ഭാസ്‌കരന്റെ വീടിനു നേരെ നടന്ന ആക്രമണത്തില്‍ മൂന്ന് എല്‍.ഡി.എഫ്. പ്രവര്‍ത്തകരെ വെളളിയാഴ്ച രാത്രി തന്നെ കൊടകര പോലീസ് അറസ്റ്റു ചെയ്തിരുന്നു. ശനിയാഴ്ച കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്റ് ചെയ്തിരുന്നു. അഖില്‍ ഭാസ്‌ക്കരന്റെയും പുലിപ്പാറക്കുന്നില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനായ വടക്കുംതറ അജി എന്നിവരുടെ വീടാക്രമിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. അജിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ ദാസ് എന്നയാളെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടതായും പോലീസ് പറഞ്ഞു. യു.ഡി.എഫ് പ്രവര്‍ത്തതകര്‍ കൊടകരയില്‍ പ്രകടനം നടത്തി.കെ.കെ.നാരായണന്‍ , റോസിലി വര്‍ഗീസ് , വിനയന്‍ തോട്ടാപ്പിള്ളി, എം.കെ.ഷൈന്‍ ,ആന്റു എന്നിവര്‍ നേതൃത്വം നല്‍കി. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് ബി.ജെ.പി.യുടെ നേതൃത്വത്തില്‍ ഹര്‍ത്താല്‍ ആചരിച്ചിരുന്നു. ബി.ജെ.പി സ്ഥാനാര്‍ഥിയുടെ വീടിനുനേരെ പടക്കം വലിച്ചറിയുകയും വീട്ടില്‍ റീത്ത്‌കൊണ്ടുവക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ചായിരുന്നു ആ ഹര്‍ത്താല്‍.