Breaking News

“ഓണത്തിന് ഒരുകുല പഴം” പദ്ധതി ഉദ്ഘാടനം ചെയ്തു

KDA Sree Krishna School Anandapuramകൊടകര : കഥാപാത്രം സമൂഹത്തിലേയ്ക്ക് നടന്നു കയറുമ്പോള് ആനന്ദപുരത്തും പരിസരപ്രദേശങ്ങളിലും നാമ്പെടുക്കുന്നത് ആയിരം നേന്ത്രവാഴകളാണ്. സാറാജോസഫിന്റെ ‘മാറ്റാത്തി’യിലെ ‘ലൂസി’യുടെ നേന്ത്രവാഴകൃഷി ആറാം ക്ലാസിലെ മലയാളം അടിസ്ഥാനപാഠാവലിയിലെ പാഠമായപ്പോള് ആ ജീവിതപാഠം കുട്ടികള് തങ്ങളുടെ കൃഷി പാഠമാക്കുകയാണ്.സ്വന്തമായി കുഴിയെടുത്ത്, ചവറടിച്ച് കത്തിച്ച ചാരം ചാണകം കൂട്ടികലര്ത്തി അമ്പതു നേന്ത്രവാഴകള് നട്ട് തന്റെ കോളേജ് വിദ്യാഭ്യാസം സ്വപ്നം കാണുന്ന ലൂസിയുടെ പരിശ്രമമാണ് ആനന്ദപുരം ശ്രീകൃഷ്ണ സ്കൂളിലെ കുട്ടികള്ക്ക് പ്രചോദനമായത്. കുട്ടികള് നട്ടുനനച്ച് പരിപാലിക്കുന്ന നേന്ത്രവാഴകള് അടുത്ത ഓണക്കാലത്ത് പാകമാകുമ്പോള് പ്രവൃത്തിയുടെ പുത്തന് പാഠഭേദങ്ങള് രചിച്ചുകൊണ്ട് ഒരു വിദ്യാഭ്യാസ സങ്കല്പം യാഥാര്ത്ഥ്യമാകും.

തന്റെ കഥാപാത്രം ഊര്ജ്ജം പകര്ന്ന നേന്ത്രവാഴകൃഷിയുടെ ഉദ്ഘാടനത്തിന് സാറാ ജോസഫ് തന്നെ എത്തിച്ചേര്ന്നത് കുട്ടികളില് ഏറെ ഉത്സാഹം പകര്ന്നു. വാഴകളെ പരിപാലിക്കുമ്പോള് കുട്ടികള് രാജ്യത്തെയാണ് കാത്തുപരിപാലിക്കുന്നതെന്ന് അവര് കുട്ടികളോട് പറഞ്ഞു. ചെടികളെ നിത്യവും ഉമ്മ വച്ച് തലോടി താലോലിച്ച് വളര്ത്തിയാല് ആ ചെടികള് വിലാസവതികളാകുമെന്നും നല്ല ഫലം തരുമെന്നും അവര് കുട്ടികളെ ഓര്മ്മിപ്പിച്ചു.മണ്ണിനേയും മരങ്ങളേയും വിളകളേയും മനസ്സുകളേയും മലിനമാക്കിയ തലമുറക്ക് കുട്ടികള്ക്ക് കൊടുക്കാനുള്ള ഉത്തരമാണ് അവരുടെ നേതൃത്വത്തില് നടത്തുന്ന കൃഷി. പറമ്പായ പറമ്പിലൊക്കെ നടന്ന് ആട്ടിന് കാഷ്ഠം പെറുക്കിയെടുത്ത് അത് പൊടിച്ച് കാര്ഷിക വിളകള്ക്ക് നല്കി കൃഷി ചെയ്തിരുന്ന ഒരു മുന്തലമുറ നമുക്കുണ്ടായിരുന്നു. എന്നാല് കാര്ഷിക വിപ്ലവം രംഗത്തെത്തിയതോടെ കൃഷിയുടെ ഗതി മാറിയെന്നും കൃത്രിമവളങ്ങളും കീടനാശിനികളും പ്രയോഗിച്ച് മണ്ണിന്റെ ജൈവഘടനയുടെ താളം തെറ്റിയെന്നും സാറാജോസഫ് പറഞ്ഞു.

ഉത്പാദനക്ഷമത മാത്രം ലക്ഷ്യമാക്കിയുള്ള ഇന്നത്തെ സമൂഹത്തില് ആളോഹരിവരുമാനമെന്തെന്ന് ചോദിക്കുമ്പോള് ആളോഹരി ആനന്ദമെന്താണെന്നും ആളോഹരി സമാധാനമെന്താണെന്നും ആളോഹരി ആരോഗ്യമെന്താണെന്നും നാം അന്വേഷിക്കണമെന്നും അവര് പറഞ്ഞു.ആനന്ദപുരം ശ്രീകൃഷ്ണ സ്കൂളില് നടപ്പിലാക്കുന്ന ”ഓണത്തിന് ഒരുകുല പഴം – സമഗ്ര നേന്ത്രവാഴകൃഷി പദ്ധതി” യുടെ ഉദ്ഘാടന ചടങ്ങാണ് സാഹിത്യകാരിയുടെയും കഥാപാത്രത്തിന്റെയും സംഗമവേദിയായത്.ചടങ്ങില് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണന് അദ്ധ്യക്ഷത വഹിച്ചു. മുരിയാട് ഗ്രാമപഞ്ചായത്ത് അംഗം കെ.കെ.സന്തോഷ് വാഴകൃഷിയുടെ ലോഗോ പ്രകാശനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് കെ.ബാലകൃഷ്ണന് കാര്ഷിക സന്ദേശം നല്കി. മുരിയാട് കൃഷി ഓഫീസര് റിസമോള് സൈമണ് കൃഷിക്ലാസ്സ് നയിച്ചു.

കൃഷി കോ -ഓര്ഡിനേറ്റര് കെ.ആര്. ശശികുമാര് പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം നളിനി ബാലകൃഷ്ണന്, പ്രിന്സിപ്പാള് ബി. സജീവ്, മാതൃസംഗമം പ്രസിഡന്റ് തുഷം സൈമണ്, പരിസ്ഥിതി പ്രവര്ത്തകന് കെ. മോഹന്ദാസ്, ഡെപ്യൂട്ടി ഹെഡ്മാസ്റ്റര് എന്.പി. റാഫേല്, സ്റ്റാഫ് സെക്രട്ടറി ബി. ബിജു എന്നിവര് സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!