Breaking News

സ്വരായനം : കുറുംകുഴല്‍ വിദ്വാന്‍ കൊടകര ശിവരാമന്‍നായര്‍ക്ക് വീരശൃംഖല സമര്‍പ്പണം ഞായറാഴ്ച

Swrayanam Logo copyകൊടകര : കുറുംകുഴല്‍ വിദ്വാന്‍ കൊടകര ശിവരാമന്‍നായരെ വിവിധക്ഷേത്രക്ഷേമസമിതികളും നാട്ടുകാരും സഹൃദയരും സഹപ്രവര്‍ത്തകരും ചേര്‍ന്ന് വീരശൃംഖല അണിയിച്ച് ആദരിക്കുന്ന സ്വരായനം ജൂണ്‍ 1 ന് കൊടകര പൂനിലാര്‍ക്കാവ് ദേവീക്ഷേത്രമൈതാനിയില്‍ നടക്കും.രാവിലെ 8.30 ന് കൈമുക്ക് വൈദീകന്‍ ജാതവേദന്‍ നമ്പൂതിരി,പാമ്പുമേക്കാട്ട് ജാതവേദന്‍ നമ്പൂതിരി,തെക്കേടത്ത് പെരുമ്പടപ്പ് ജാതവേദന്‍ നമ്പൂതിരി,അഴകത്ത് ത്രിവിക്രമന്‍ നമ്പൂതിരി,അഴകത്ത് ഹരിദത്തന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിക്കും.തുടര്‍ന്ന് കൊമ്പത്ത് ചന്ദ്രനും സംഘവും നയിക്കുന്ന മംഗളവാദ്യം,ചോറ്റാനിക്കര സുഭാഷ് മാരാരുടെ അഷ്ടപദി, 9.30 ന് മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാര്‍, മട്ടന്നൂര്‍ ശ്രീരാജ്, കോട്ടക്കല്‍ രവി, സദനം ഭരതരാജന്‍ എന്നിവര്‍ നയിക്കുന്ന  ഇരട്ടക്കേളി, മച്ചാട് മണികണ്ഠന്റെ കൊമ്പ് പറ്റ്, പനമണ്ണ മനോഹരനും സംഘവും നയിക്കുന്ന സപ്തകുറുംകുഴല്‍പറ്റ് എന്നിവ നടക്കും.

രാവിലെ 11 ന് നടക്കുന്ന മാനിതം പരിപാടിയില്‍ ശിവരാമന്‍നായര്‍ തന്റെ ജ്യേഷ്ഠനും ഗുരുസ്ഥാനീയനുമായ കൊടകര കൃഷ്ണന്‍കുട്ടിനായരെ സുവര്‍ണഹാരമണിയിച്ച് ആദരിക്കും.12 ന് നടക്കുന്ന കുറുംകുഴല്‍കച്ചേരിക്ക് പല്ലാവൂര്‍ കൃഷ്ണന്‍കുട്ടി നേതൃത്വം നല്‍കും.ഉച്ചക്ക് 1.30 ന് പി.എന്‍.നമ്പൂതിരിയുടെ സോദാഹരണപ്രഭാഷണം,2.30 ന് തിരുവില്വാമല ജയന്റെ വില്ലിന്‍മേല്‍ തായമ്പക എന്നിവയുണ്ടാകും.വൈകീട്ട് 3.30 ന് ആദരണീയനായ ശിവരാമന്‍ നായരെ കൊടകര ടൗണില്‍നിന്നും പഞ്ചവാദ്യം, കാവടി, പൂത്താലം എന്നിവയുടെ അകമ്പടിയോടെ ക്ഷേത്രമൈതാനിയിലേക്ക് ആനയിച്ച് അവിടെനിന്നും  101 കുറുംകുഴല്‍ ഉള്‍പ്പെടെ പാണ്ടിമേളത്തോടെ വേദിയിലേക്ക് സ്വീകരിക്കും.

Kodakara Sivaraman Nair copyതുടര്‍ന്ന് നടക്കുന്ന വീരശൃംഖലസമര്‍പ്പണ സമ്മേളനം സാംസ്‌കാരിക വകുപ്പുമന്ത്രി കെ.സി.ജോസഫ് ഉദ്ഘാടനം ചെയ്യും. ബി.ഡി.ദേവസി എം.എല്‍.എ അധ്യക്ഷത വഹിക്കും. കൈമുക്ക് രാമന്‍ അക്കിത്തിരിപ്പാട് വീരശൃംഖല അണിയിക്കും. എം.എല്‍.എ മാരായ പ്രൊ.സി.രവീന്ദ്രനാഥ്, അഡ്വ.തോമസ് ഉണ്ണിയാടന്‍ എന്നിവര്‍ യഥാക്രമം പുഷ്പഹാരം, പുഷ്പകിരീടം എന്നിവ സമര്‍പ്പിക്കും. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എം.പി.ഭാസ്‌കരന്‍ നായര്‍ കീര്‍ത്തിമുദ്രസമര്‍പ്പണവും കലാമണ്ഡലം വൈസ്ചാന്‍സ്‌ലര്‍ പി.എന്‍.സുരേഷ് മുഖ്യപ്രഭാഷണവും നടത്തും.

കേരളസംഗീതനാടക അക്കാദമി വൈസ്‌ചെയര്‍മാന്‍ ടി.എം.എബ്രഹാം ഓണപ്പുടവ സമര്‍പ്പണവും കവി രാവുണ്ണി പ്രശസ്തിപത്രസമര്‍പ്പണവും കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റോസിലി വര്‍ഗീസ് സ്‌നേഹോപഹാരസമര്‍പ്പണവും നടത്തും. വൈകീട്ട് 7 മുതല്‍ പോരൂര്‍ ഉണ്ണികൃഷ്ണനും കലാനിലയം ഉദയന്‍ നമ്പൂതിരിയും ചേര്‍ന്നൊരുക്കുന്ന ഇരട്ടത്തായമ്പകയുമുണ്ടാകുമെന്ന് സ്വരായനം  സംഘാടക സമിതി ചെയര്‍മാന്‍ ബി.ഡി.ദേവസി എം.എല്‍.എ,വര്‍ക്കിംഗ്‌ചെയര്‍മാന്‍ പെരുവനം കുട്ടന്‍മാരാര്‍,കോര്‍ഡിനേറ്റര്‍ കൊടകര ഉണ്ണി,ട്രഷറര്‍ പി.എം.നാരായണന്‍,പ്രോഗ്രാംകമ്മിറ്റി ചെയര്‍മാന്‍ പെരുവനം സതീശന്‍മാരാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!