വെള്ളിക്കുളങ്ങര : രണ്ടു ബസുകളുടെ രണ്ടു ദിവസങ്ങളിലെ വരുമാനം ഇരു വൃക്കകളും തകരാറിലായ യുവാവിന്റെ ചികിത്സാ സഹായനിധിയിലേക്ക് നല്‍കുന്നു.വൃക്ക മാറ്റിവെയ്ക്കുന്നതിന് സഹായം തേടുന്ന കോടശ്ശേരി പഞ്ചായത്തിലെ മാരാങ്കോട് വല്ലത്തുകാരന്‍ ബിജു (36) വിനാണ് സ്വകാര്യബസ്സുടമകള്‍ സഹായഹസ്തമാകുന്നത്.
രണ്ടുകൈ – മേട്ടിപ്പാടം – ചാലക്കുടി – അടിച്ചിലി റൂട്ടില്‍ ഓടുന്നതും തൃശൂര്‍ – വെള്ളിക്കുളങ്ങര – ചാലക്കുടി റൂട്ടില്‍ ഓടുന്നതുമായ സഹോദരന്‍മാരുടെ ഉടമസ്ഥതയിലുള്ള രണ്ട് ചാതേലീസ് ബസുകളില്‍ ഇന്നും നാളെയും ലഭിക്കുന്ന തുകയാണ് യുവാവിന്റെ ചികിത്സയ്ക്ക് നല്‍കുന്നത്. ഇലക്ട്രീഷ്യനായ ബിജുവിന് രണ്ട് വര്‍ഷം മുമ്പാണ് രോഗംബാധിച്ചത്. വിദേശത്ത് ജോലി ചെയ്തിരുന്ന ബിജു അസുഖത്തെ തുടര്‍ന്ന് നാട്ടിലേക്ക് പോന്നു.
നാട്ടിലെത്തി നടത്തിയ ചികിത്സയെ തുടര്‍ന്ന് അസുഖം കുറഞ്ഞിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുമൂലം ചെറിയ ജോലികള്‍ ചെയ്ത് വരികയായിരുന്നു. അസുഖം വീണ്ടും മൂര്‍ച്ഛിച്ചതോടെ ജോലിക്കു പോകാന്‍ കഴിയാതായി. അമ്മയും ഭാര്യയും രണ്ടു കുഞ്ഞുങ്ങളുമടങ്ങുന്ന കുടുംബത്തിന് ദൈനംദിന ചെലവുകള്‍ക്ക് പോലും ബുദ്ധിമുട്ടായി.
മാറ്റിവയ്ക്കുവാന്‍ സഹോദരിയുടെ വൃക്ക സൗജന്യമായി ലഭിക്കുമെങ്കിലും ചികിത്സയ്ക്കായി 26 ലക്ഷം രൂപ ചിലവുവരും. ചികിത്സയ്ക്കായി കോടശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശശിയുടെ സാന്നിധ്യത്തില്‍ വിളിച്ച യോഗത്തില്‍ പഞ്ചായത്തംഗം പി.എ. കുഞ്ചു ചെയര്‍മാനായും, എന്‍.സി. ബോബന്‍ കണ്‍വീനറായും ജനകീയ കമ്മിറ്റി രൂപീകരച്ചു. ഫെഡറല്‍ ബാങ്കിന്റെ പരിയാരം ശാഖയില്‍ അക്കൗണ്ട് തുടങ്ങി. നമ്പര്‍ : 19420100025179, ഐ എഫ് എസ് സി കോഡ് : എഫ് ഡി ആര്‍ എല്‍ 0001942. ഫോണ്‍ : 8943965136