കൊടകര : ആലത്തൂര്‍ ബി.ജെ.പി. പ്രാദേശിക കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആലത്തൂര്‍ എ.എല്‍.പി. സ്‌കൂളില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി. വിദ്യാലയ പരിസരവും പറമ്പും പൂര്‍ണ്ണമായും വൃത്തിയാക്കി ചേമ്പ് കൃഷി ആരംഭിച്ചു. 55 കുഴികളില്‍ 55 കട ചേമ്പ് നട്ട് കൃഷിയുടെ നന്മ വിതറിയാണ് വിദ്യാലയത്തിലെ ചേമ്പ് കൃഷി ആരംഭിച്ചത്. ഇതില്‍ നിന്നും ലഭിക്കുന്ന ചേമ്പ്, താള് എന്നിവ വിദ്യാലത്തിലെ ഉച്ചഭക്ഷണ പദ്ധതിയില്‍ പൂര്‍ണ്ണമായും ഉള്‍പ്പെടുത്തുമെന്ന് പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചു.
ശുചീകരണ പ്രവര്‍ത്തന പരിപാടിക്ക് ആലത്തൂര്‍ 126-ാം നമ്പര്‍ ബൂത്ത് കമ്മിറ്റി ബി.ജെ.പി. പ്രസിഡന്റ് ജയന്‍ നമ്പുകുളങ്ങര സ്വാഗതം പറഞ്ഞു. 127 -ാം നമ്പര്‍ ബൂത്ത് പ്രസിഡന്റ് സര്‍വ്വേശ്വരന്‍ തമ്പി അദ്ധ്യക്ഷത വഹിച്ച ചടങ്ങ് സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് എം.ഡി. ലീന ചേമ്പ് നട്ട് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ബി.ജെ.പി. പ്രവര്‍ത്തകരായ രാജേഷ് എ.എന്‍., രതീഷ് എന്‍.എ., ഷിബിന്‍ വി.ബി., ആദര്‍ശ് ചന്ദ്രന്‍, സിബിന്‍ എ.സി., വിശ്വന്‍ പി.വി. തുടങ്ങിയവര്‍ സംസാരിച്ചു. കൂടാതെ ഇരുപത്തഞ്ചോളം പ്രവര്‍ത്തകര്‍ ശുചീകരണ, കൃഷി പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.