Breaking News

ഇടതുകേരളം, എല്‍.ഡി.എഫ്. അധികാരത്തില്‍ 91/140

ldf PRAKADANAMകണ്ണൂരും കോഴിക്കോടും പാലക്കാടും കോട്ട കാത്ത ഇടതിന് തിരുവനന്തപുരത്തെ 14 സീറ്റില്‍ ഒമ്പതെണ്ണത്തില്‍ വിജയം കണ്ടെത്താനായി.
എറണാകുളവും കോട്ടയവും മലപ്പുറവും മാത്രമാണു യു.ഡി.എഫിന്റെ മാനം രക്ഷിച്ചത്.
കേരളം ഇക്കുറിയും പതിവു തെറ്റിച്ചില്ല. ശക്തമായ ഭരണവിരുദ്ധ വികാരത്തിന്റെ ചിറകില്‍ കേരളം ഇടത്തോട്ടു ചാഞ്ഞു. മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തിന് അടുത്തെത്തി 91 സീറ്റുകളില്‍ വിജയക്കൊടി പാറിച്ച ഇടതു തേരോട്ടത്തില്‍ നാലു സംസ്ഥാന മന്ത്രിമാരും സ്പീക്കറും അടിയറവു പറഞ്ഞു. കേരളത്തില്‍ ആദ്യമായി താമര വിരിയിച്ച് നേമത്ത് ഒ. രാജഗോപാല്‍ വിജയിച്ചപ്പോള്‍ ഇരു മുന്നണികളെയും മലര്‍ത്തിയടിച്ച് പൂഞ്ഞാറില്‍ പി.സി. ജോര്‍ജ് രാഷ്ട്രീയകേരളത്തെ ഞെട്ടിച്ചു. യു.ഡി.എഫിന് നേടാനായത് 47 സീറ്റ്. കൊല്ലം ജില്ല സമ്പൂര്‍ണമായി തൂത്തുവാരിയ ഇടതു മുന്നണി തൃശൂരിലും ആലപ്പുഴയിലും പത്തനംതിട്ടയിലും വയനാട്ടിലും ഓരോ സീറ്റ് മാത്രമാണ് യു.ഡി.എഫിനു വിട്ടുകൊടുത്തത്.

തൃശൂര്‍ ജില്ലയിലെ 12 മണ്ഡലങ്ങളില്‍ വടക്കാഞ്ചേരിയിലെ മത്സരഫലം പ്രഖ്യാപിച്ചിട്ടില്ല. ഇവിടെ ഒരു വോട്ടിംഗ് യന്ത്രം എണ്ണാനാവാത്തതിനാല്‍ മത്സരഫലം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനു കൈമാറി. ഇവിടെ വെറും മൂന്നു വോട്ടിന്റെ ഭൂരിപക്ഷത്തില്‍ അനില്‍ അക്കര മുന്നിലാണ്. കണ്ണൂരും കോഴിക്കോടും പാലക്കാടും കോട്ട കാത്ത ഇടതിന് തിരുവനന്തപുരത്തെ 14 സീറ്റില്‍ ഒമ്പതെണ്ണത്തില്‍ വിജയം കണ്ടെത്താനായി. എറണാകുളവും കോട്ടയവും മലപ്പുറവും മാത്രമാണു യു.ഡി.എഫിന്റെ മാനം രക്ഷിച്ചത്. മലപ്പുറത്തെ 16 സീറ്റുകളില്‍ 12 എണ്ണവും എറണാകുളത്തെ 14 സീറ്റുകളില്‍ ഒമ്പതെണ്ണവും കോട്ടയത്തെ ഒമ്പതു സീറ്റുകളില്‍ ആറെണ്ണവും യു.ഡി.എഫ്. നേടി. മന്ത്രിമാരായ കെ. ബാബു, ഷിബു ബേബി ജോണ്‍, പി.കെ. ജയലക്ഷ്മി, കെ.പി. മോഹനന്‍ എന്നിവര്‍ തോല്‍വി സമ്മതിച്ചപ്പോള്‍ കാട്ടാക്കടയില്‍ സ്പീക്കര്‍ എന്‍. ശക്തനു അടി തെറ്റി.

ഡപ്യൂട്ടി സ്പീക്കര്‍ പാലോട് രവിയും ചീഫ് വിപ്പ് തോമസ് ഉണ്യാടനും പരാജയം ഏറ്റുവാങ്ങി. കെ. സുധാകരന്‍, പി.സി. വിഷ്ണുനാഥ്, സെല്‍വരാജ്, എ.ടി. ജോര്‍ജ്, ശരത്ചന്ദ്രപ്രസാദ്, ജോസഫ് വാഴയ്ക്കന്‍, ശൂരനാട് രാജശേഖരന്‍, വര്‍ക്കല കഹാര്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, പന്തളം സുധാകരന്‍, ഷാനിമോള്‍ ഉസ്മാന്‍, സതീശന്‍ പാച്ചേനി, ടി. സിദ്ദീഖ്, ആര്യാടന്‍ ഷൗക്കത്ത്, പത്മജ വേണുഗോപാല്‍, ഡൊമിനിക് പ്രസന്റേഷന്‍, എ.എം. ഹസന്‍, തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ തോറ്റു. ഇരു മുന്നണികളിലുമായി ഇരുപത്തഞ്ചോളം സിറ്റിംഗ് എം.എല്‍.എമാര്‍ തോറ്റു.

തൃപ്പൂണിത്തുറയില്‍ കെ. ബാബുവിനെ കീഴടക്കിയ എം. സ്വരാജും ആറന്മുളയില്‍ കെ. ശിവദാസന്‍ നായരെ തോല്‍പ്പിച്ച വീണ ജോര്‍ജും ശക്തമായ ത്രികോണമത്സരത്തില്‍ പാലക്കാട്ട് പതിനേഴായിരത്തിലധികം വോട്ടിനു വിജയിച്ച ഷാഫി പറമ്പിലും മത്സരരംഗത്തെ തിളങ്ങുന്ന താരങ്ങളായി. ഏറ്റവുമധികം ശ്രദ്ധ പിടിച്ചുപറ്റിയ അഴീക്കോട്ട് നികേഷ് കുമാറിനെ തോല്‍പ്പിച്ച് കെ.എം. ഷാജി സീറ്റ് നിലനിര്‍ത്തി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, പിണറായി വിജയന്‍, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ വന്‍ഭൂരിപക്ഷം നേടിയപ്പോള്‍ കെ.എം. മാണിയുടെയും ഭൂരിപക്ഷം വീണ്ടും കുറഞ്ഞു.

ഒറ്റയാനായി മത്സരിച്ച പി.സി. ജോര്‍ജ് 27,821 വോട്ടിന്റെ ഭൂരിപക്ഷമാണു സ്വന്തമാക്കിയത്. മുന്നണികളുടെ ബാനറില്‍ മത്സരിച്ചപ്പോഴൊന്നും ലഭിക്കാത്ത ഭൂരിപക്ഷം. തൊടുപുഴയില്‍ വിജയിച്ച പി.ജെ. ജോസഫിനാണ് സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷം. 45,587 വോട്ടുകളുടെ ഭൂരിപക്ഷം. 58 സീറ്റുകള്‍ നേടിയ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ സി.പി.എമ്മിന് തങ്ങള്‍ നിര്‍ത്തിയ അഞ്ച് സ്വതന്ത്രന്മാരെയും വിജയിപ്പിക്കാന്‍ കഴിഞ്ഞു. സി.പി.ഐ. 19 സീറ്റു നേടിയപ്പോള്‍ ജനതാദളി(എസ്)ന് മൂന്നും എന്‍.സി.പിക്ക് രണ്ടും സീറ്റു ലഭിച്ചു. കേരള കോണ്‍ഗ്രസ്(ബി), കോണ്‍ഗ്രസ്(എസ്), ആര്‍.എസ്.പി.(എല്‍), സി.എം.പി. കക്ഷികള്‍ ഓരോ സീറ്റു വീതം നേടി. യു.ഡി.എഫ്. മുന്നണിയില്‍ കോണ്‍ഗ്രസിന് 22 സീറ്റു ലഭിച്ചപ്പോള്‍ മുസ്ലിം ലീഗിന് 18 സീറ്റു ലഭിച്ചു. കേരള കോണ്‍ഗ്രസിലെ മാണി വിഭാഗത്തിന് ആറും ജേക്കബ് ഗ്രൂപ്പിന് ഒരു സീറ്റും ലഭിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!