വെള്ളിക്കുളങ്ങര: മറ്റത്തൂര്‍ ഇത്തുപ്പാടത്ത് മുഖംമൂടി ധരിച്ചെത്തിയ സംഘം ദമ്പതികളെ മര്‍ദിച്ച് സ്വര്‍ണകവര്‍ന്നശേഷം ഗൃഹനാഥനെ തട്ടിക്കൊണ്ടുപോയ കേസില്‍ 3 പേരെ വെള്ളിക്കുളങ്ങര പോലീസ് അറസ്റ്റുചെയ്തു. വടക്കന്‍പറവൂര്‍ ചേന്ദമംഗലം പാണ്ടിശ്ശേരി വീട്ടില്‍ ജിതിന്‍ കൃഷ്ണ(ചടു -26), ഇയാളുടെ സഹോദരന്‍ മിഥുന്‍ കൃഷ്ണ(27), ഗോതുരുത്ത് നെല്ലിപ്പറമ്പത്ത് വീട്ടില്‍ വിഷ്ണുപ്രസാദ്(അല്ലു-28) എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ ആകെ 7 പ്രതികളാണുള്ളത്.ഇതില്‍ തേക്കിലക്കാട്ട് ബിന്തുവിനെ ആദ്യം അറസ്റ്റ് ചെയ്തിരുന്നു.
ഇക്കഴിഞ്ഞ ഏപ്രില്‍ 9 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മറ്റത്തൂര്‍ ഇത്തുപ്പാടം സ്വദേശിയും പൊള്ളാച്ചിയില്‍ പാറമട ഉടമയുമായിരുന്ന മുതുപറമ്പില്‍ വീട്ടില്‍ 40 വയസ്സുള്ള ജിനേഷിനെ ആക്രമിച്ച് തട്ടിക്കൊണ്ടുപോകുകയും ഭാര്യ സിന്ധുവിന്റെ ശരീരത്തിലെ ആറ് പവന്‍ സ്വര്‍ണം സ്വര്‍ണം കവരുകയുമായിരുന്നു.
പട്ടികള്‍ കുരക്കുന്നതുകേട്ട് വാതില്‍തുറന്ന ദമ്പതികളാണ് ആക്രമണത്തിനിരയായത്. ഏഴംഗസംഘത്തിലെ 4 പേരാണ് വീടിനകത്തേക്കു അതിക്രമിച്ചു കയറിയത്. കാറിലും ബൈക്കിലുമായെത്തിയ സംഘം ജിനേഷിനെ കാറില്‍ തട്ടിക്കൊണ്ടുപോകുകയും വെള്ളാങ്കല്ലൂരില്‍ ഇറക്കിവിടുകയുമായിരുന്നു.
പരിക്കേറ്റ ജിനേഷ് ആദ്യം ചാലക്കുടിയിലെയും പിന്നീട് കൊടകരയിലേയും ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. അന്വോഷണ സംഘത്തില്‍ വെള്ളികുളങ്ങര സി.ഐ. എം.കെ.മുരളി, ജൂനിയര്‍ എസ്.ഐമാരായ ഉദയകുമാര്‍, അബ്ബാസ് ,അജികുമാര്‍ സി.പി.ഒമാരായ സനീഷ് ,സനല്‍ , ഹോഗാര്‍ഡ് ഏലിയാസ് എന്നിവരുണ്ടായിരുന്നു.