കൊടകര : വാര്‍ഡിലെ മുഴുവന്‍ കുടുംബങ്ങളുടെയും വിവരങ്ങള്‍ കൈവെള്ളയിലാക്കി ജനസേവനത്തിന് ആന്‍ഡ്രായ്ഡ് മുഖം നല്‍കാനൊരുങ്ങി കൊടകര ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് . 24 മണിക്കൂറും ജനങ്ങള്‍ക്ക് സേവനം നല്‍കാനും ഇവരുടെ മുഴുവന്‍ വിവരങ്ങളും സൂക്ഷിക്കാനും വാര്‍ഡ് മെമ്പര്‍ ടി.വി.പ്രജിത്തിന്റെ ആശയമാണ് ഈ പദ്ധതി.
വാര്‍ഡ് പരിധിയിലുള്ള മുഴുവന്‍ വീടുകളും വീട്ടുനമ്പര്‍, വീട്ടുപേര് അടിസ്ഥാനപ്പെടുത്തി ആപ്പില്‍ ലഭ്യമാക്കിയിട്ടുണ്ട്. അതിലേക്ക് ആവശ്യമായി വരുന്ന വാര്‍ഷികവരുമാനം, വീടിന്റെ ഇനം, കാര്‍ഡിന്റെ നിറം, സ്ഥലത്തിന്റെ അളവ്, മതം തുടങ്ങിയവ മറ്റു വിവരങ്ങള്‍ ( ചേര്‍ക്കുന്നതോടെ വാര്‍ഡിലെ മുഴുവന്‍ വീടുകളുടെയും വിവരങ്ങള്‍ ആപ്പില്‍ ലഭ്യമാകും.
വാര്‍ഡ് പരിധിയിലുള്ള മുഴുവന്‍ വ്യക്തികളുടെയും പേര് വിവരങ്ങള്‍ ആപ്പില്‍ ലഭ്യമാക്കിയിട്ടുണ്ട്. വ്യക്തിഗത ആവശ്യമായി വരുന്ന ഫോണ്‍ നമ്പര്‍, വിദ്യാഭ്യാസം, ആരോഗ്യസ്ഥിതി മുതലായവ ചേര്‍ക്കുന്നതോടെ വ്യക്തിവിവരങ്ങളും ആപ്പില്‍ ലഭ്യമാവുന്നു.
ആപ്പില്‍ ലഭ്യമായ വാര്‍ഡിലെ വീടുകള്‍, വ്യക്തികള്‍ എന്നിവ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഫില്‍റ്റര്‍ ചെയ്ത് എടുക്കാന്‍ സാധിക്കുന്നു. വിവിധ പെന്‍ഷനുകള്‍ക്ക് അര്‍ഹരായവരെ കണ്ടെത്താനും പെന്‍ഷന്‍ ലഭിക്കുന്നവരെയും ലഭിക്കാത്തവരെയും വേര്‍തിരിക്കാനും അവരുമായി കോണ്‍ടാക്ട് ചെയ്യാനും ആപ്പ് സഹായിക്കുന്നു. വാര്‍ഡില്‍ ഉള്ള എല്ലാ വ്യക്തികള്‍ക്കും / തെരഞ്ഞെടുക്കപ്പെട്ട വ്യക്തികള്‍ക്ക് ഒരേസമയം സന്ദേശം് അയക്കാനും, വിവിധ ദിവസങ്ങളില്‍ ചെയ്യാനുള്ള കാര്യങ്ങള്‍ ഓര്‍മ്മപ്പെടുത്താനുള്ള റിമൈന്‍ഡര്‍ സംവിധാനവും ആപ്പില്‍ ലഭ്യമാക്കിയിട്ടുണ്ട്.
ആവശ്യത്തിനനുസരിച്ച് പുതിയ വീടുകള്‍ ചേര്‍ക്കാനും വ്യക്തികളെ ചേര്‍ക്കാനും വിവരങ്ങള്‍ എഡിറ്റ് ചെയ്യാനും ആപ്പില്‍ സൗകര്യമുണ്ട്. ആപ്പിന്റെ ഉത്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ ഗ്രാമസഭ യോഗത്തില്‍ നിര്‍വഹിച്ചു.വാര്‍ഡ് മെമ്പര്‍ ടി.വി.പ്രജിത്ത് അധ്യക്ഷത വഹിച്ചു.