ചെമ്പുച്ചിറ: എസ് എസ് കെ- ബി ആർ സി കൊടകരയുടെ ആഭിമുഖ്യത്തിൽ ജിഎച്ച്എസ്എസ് ചെമ്പുച്ചിറയിൽ സൃഷ്ടി-2023 (ക്രാഫ്റ്റ് 23) ത്രിദിന ശില്പശാല നടത്തി. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം വിദ്യാലയത്തിലെ സീനിയർ അധ്യാപിക ശ്രീമതി ഗീത കെ ജി നിർവ്വഹിച്ചു. വിദ്യാഭ്യാസവും തൊഴിലും വ്യത്യസ്തമായ രണ്ടു വഴികളല്ലെന്നും മറിച്ച്, സമൂഹത്തിലെ വിവിധ തൊഴിലുകൾ ശാസ്ത്രീയ ബോധത്തിലും യുക്തിചിന്തയിലും ഊന്നിയവയാണെന്ന് മനസ്സിലാക്കുന്നതിന്റെ ഭാഗമായി, തൊഴിൽ നൈപുണി കുട്ടികൾക്ക് ലഭിക്കുക എന്നതാണ് സമഗ്ര ശിക്ഷാ കേരളം ലക്ഷ്യം വയ്ക്കുന്നത്.
ഏഴാം ക്ലാസിലെ പാഠഭാഗവുമായി ബന്ധപ്പെടുത്തി കൊണ്ടാണ് മൂന്ന് ദിവസത്തെ പ്രവർത്തനങ്ങൾ നടന്നത്.ഏഴാം ക്ലാസിലെ 30 കുട്ടികളാണ് ശില്പശാലയിൽ പങ്കാളികൾ ആയത്. പൈനാപ്പിൾ ജാം, മണ്ണൊരുക്കൽ,ടേബിൾ മാറ്റ് നിർമ്മാണം, ടേബിള്‍ ലാബ്, കമ്പോസ്റ്റ് നിർമ്മാണം, വെളുത്തുള്ളി കഷായം, ഗണിതരൂപങ്ങൾ നിർമ്മാണം, തുള്ളി നന സംവിധാനം ഒരുക്കൽ എന്നിങ്ങനെ വ്യത്യസ്തമായ നിർമ്മാണ പ്രവർത്തനങ്ങളിൽ കുട്ടികൾ സജീവമായി പങ്കാളികളായി. ശില്പശാലയുടെ മൂന്നാം ദിവസമായ 23/02/23 വ്യാഴാഴ്ച രണ്ടുമണിക്ക് നടന്ന സമാപന സമ്മേളന ചടങ്ങിന്റെ ഉദ്ഘാടന കർമ്മം ബഹുമാന്യയായ മറ്റത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി അശ്വതി വിബി നിർവ്വഹിച്ചു. പ്രിൻസിപ്പാൾ ശ്രീമതി ലിജ പി എസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ പിടിഎ പ്രസിഡണ്ട് ശ്രീ സുധീഷ് വി.പി. അധ്യക്ഷ സ്ഥാനം അലങ്കരിച്ചു.
പ്രസ്തുത പരിപാടിയിൽ മികച്ച ഒരു കർഷകയെയും ഒരു നൃത്ത കലാകാരിയെയും ആദരിച്ചു. ചെമ്പുചിറ പ്രദേശവാസിയും കർഷകയുമായ ശ്രീമതി ശാലിനി രമേഷിനെയും, വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിനിയും നൃത്ത കലാകാരിയുമായ ശ്രീമതി അർച്ചന കൃഷ്ണനെയും ആണ് ആദരിച്ചത്. CRCC-BRC കോഡിനേറ്റർ ശ്രീമതി സൗമ്യ ശില്പശാല അവലോകനം നടത്തി. രണ്ടാം വാർഡ് മെമ്പർ ശ്രീ അഭിലാഷ് എൻ പി, സീനിയർ അധ്യാപിക ശ്രീമതി ഗീത കെ ജി സ്റ്റാഫ് സെക്രട്ടറി ശ്രീമതി ബായ് പി വി എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ആദരണീയനായ ഹെഡ്മാസ്റ്റർ ശ്രീ രാജീവ് എം എസ് നന്ദി പ്രകാശനം നടത്തി.