Breaking News

ചൊവാഴ്ച വയോജന ദിനം നൂറ്റിനാലിലും മാണി മുത്തച്ഛന്‍ ഉഷാര്‍.

കൊടകര: നൂറ്റിനാലാം വയസ്സില്‍ വീടിന്റെ ഉമ്മറത്തിണ്ണയില്‍ ഉണര്‍വ്വോടെയിരിക്കുന്ന മാണി ഒമ്പതുങ്ങല്‍ ഗ്രാമത്തിന്റെ സ്വന്തം മുത്തച്ഛനാണ്. വെയിലു തെളിഞ്ഞാല്‍ വടിയൂന്നി മുറ്റത്തും ഇടവഴിയിലും പതുക്കെ നടക്കുന്ന മാണിയുടെ മുന്നില്‍ രോഗങ്ങള്‍ വഴിമാറി നില്‍ക്കുന്നു.

അഞ്ചുതലമുറകളെ കണ്ടതിന്റെ സൗഭാഗ്യം മറ്റത്തൂര്‍ മൂന്നുമുറിക്കടുത്തുള്ള ഒമ്പതുങ്ങല്‍ കോമ്പാറ വീട്ടിലെ മാണി മുത്തച്ഛന്റെ സ്വകാര്യ നിര്‍വൃതിയാണ്. വയസ്സ് നൂറ്റിനാല് കഴിഞ്ഞിട്ടും പറയത്തക്ക രോഗങ്ങളൊന്നും ഈ വയോധികനെ അലട്ടുന്നില്ല. ഭക്ഷണത്തിലും ഉറക്കത്തിലും ചെറുപ്പം മുതലേയുള്ള സമയനിഷ്ഠ ഇന്നും ഇദ്ദേഹം പുലര്‍ത്തുന്നു. ഇതുതന്നെയാണ് ഇദ്ദേഹത്തിന്റെ ദീര്‍ഘായുസ്സിന്റെയും ആരോഗ്യത്തിന്റെയും അടിസ്ഥാനം.

രാവിലെ അഞ്ചിനു മുമ്പായി ഉണരുന്ന മാണിക്ക് എണീറ്റാലുടന്‍ കട്ടന്‍ചായ നിര്‍ബ്ബന്ധമാണ്. എട്ടുമണിയോടെ കഞ്ഞി കുടിക്കും. പന്ത്രണ്ടരയ്ക്ക് മുമ്പായി ഉച്ചയൂണും കഴിയും. ആറരക്ക് അത്താഴം കഴിഞ്ഞ് ഏഴോടെ കിടക്കും. ഈ പ്രായത്തിലും മത്സ്യവും മാംസവും ഉള്‍പ്പടെ ഏതുഭക്ഷണവും കഴിക്കും.

വലതുകണ്ണിന് ചെറിയ മൂടലുണ്ടെന്നതൊഴിച്ചാല്‍ കാഴ്ചയ്ക്ക് മറ്റുകുഴപ്പമൊന്നുമില്ല. ഓര്‍മ്മശക്തിക്കും കുറവില്ല. മാണി ജനിച്ച് ഒരു മാസത്തിനകം അച്ഛന്‍ വേലാണ്ടി മരിച്ചു. അമ്മ കോയയാണ് ഏകമകനായ മാണിയെ വളര്‍ത്തിയത്. കൃഷിപ്പണികളായിരുന്നു ചെറുപ്പം മുതലേ ചെയ്തിരുന്നത്. ഇതുവരെ രോഗബാധിതനായി ആസ്​പത്രിയില്‍ കഴിയേണ്ടി വന്നിട്ടില്ലെന്ന് മാണി പറയുന്നു. ഇളയ മകന്‍ ഭാസ്‌കരനും ഇത് സാക്ഷ്യപ്പെടുത്തുന്നു. വല്ലപ്പോഴും ജലദോഷം പിടിപെടുമെങ്കിലും ഇംഗ്ലീഷ് മരുന്നുകള്‍ കഴിക്കാതെ തന്നെ ആശ്വാസമാകാറുണ്ട്. അമ്പതുവര്‍ഷം മുമ്പ് ഭാര്യ ചിരിയ മരിച്ചു. 45 വയസായിരുന്നു മരിക്കുമ്പോള്‍ പ്രായം. ദേവകി, ലീല, കാര്‍ത്ത്യായനി, മാതു, ഭാസ്‌കരന്‍ എന്നിവരാണ് മാണിയുടെ മക്കള്‍. ഇവരില്‍ മൂത്തമകള്‍ ദേവകി മൂന്നുവര്‍ഷം മുമ്പ് എഴുപതാം വയസ്സില്‍ മരിച്ചു. 52 വയസുള്ള മകന്‍ ഭാസ്‌കരനോടൊത്താണ് ഇപ്പോള്‍ മാണിയുടെ താമസം. സമപ്രായക്കാരെല്ലാം ഓര്‍മ്മയായെങ്കിലും ഇളമുറക്കാരായ നാട്ടിലെ വയോധികരില്‍ ചിലരൊക്കെ സൗഹൃദ സംഭാഷണത്തിന് വീട്ടിലെത്താറുണ്ട്.

കടപ്പാട് : മാതൃഭൂമി

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!