ഫ്രഞ്ച് വാഹനനിര്‍മാതാക്കളായ റെനോയെ ഇന്ത്യയില്‍ ജനകീയമാക്കിയത് ഡസ്റ്റര്‍ എന്ന ഒറ്റ മോഡലാണ്. ഡസ്റ്ററിന്റെ വില്‍പ്പന വിജയം റെനോയ്ക്ക് രാജ്യത്തെ ടോപ് ടെന്‍ വാഹനനിര്‍മാതാക്കളുടെ പട്ടികയില്‍ സ്ഥാനവും നല്കി. ആഗോള വിപണിയിലും ഡസ്റ്ററിന് ശുക്രദശ തന്നെ. ഇപ്പോള്‍ റെനോയുടെ ഏറ്റവും വില്‍പ്പനയുള്ള മോഡലുകളിലൊന്നായി മാറിയിരിക്കുകയാണത് . യൂറോപ്പിനു പുറത്തുള്ള വിപണിയില്‍ റെനോയുടെ വില്‍പ്പനയുടെ അമ്പതിലേറെ ശതമാനം ഓഹരി ഡസ്റ്ററിന്റേതാണ്. സാമ്പത്തിക മാന്ദ്യത്താല്‍ യൂറോപ്പിലെ കാര്‍ വില്‍പ്പന ഗണ്യമായി കുറഞ്ഞ ഇക്കാലത്തും ബാലന്‍സ് ഷീറ്റില്‍ ലാഭം നിലനിര്‍ത്താന്‍ റെനോയ്ക്ക് തുണയായത് കോംപാക്ട് എസ്.യു.വിയുടെ വമ്പന്‍ വില്‍പ്പനയായിരുന്നു.
1999 ല്‍ റെനോ ഏറ്റെടുത്ത റൊമേനിയന്‍ കമ്പനി ഡേഷിയയുടെ ഉത്പന്നമാണ് ഡസ്റ്റര്‍ . ഡേഷിയ ലോഗന് സെഡാന്റെ പ്ലാറ്റ് ഫോമില്‍ നിര്‍മിച്ച കോപാക്ട് എസ്.യു.വി 2010 ലാണ് വിപണിയിലെത്തിയത്. യൂറോപ്യന്‍ വിപണിയില്‍ ഡേഷിയ ബ്രാന്‍ഡിലാണ് ഡസ്റ്റര്‍ പുറത്തിറങ്ങുന്നത്.
ഇന്ത്യന്‍ നിലവില്‍ വിപണിയിലുള്ള ഫ്രണ്ട് വീല്‍ ഡ്രൈവ് ഡസ്റ്ററിനു പെട്രോള്‍ , ഡീസല്‍ എന്നീ എന്ജിന് വകഭേദങ്ങളുണ്ട്. 1.6 ലീറ്റര്‍ പെട്രോള്‍ എന്ജിന് 103 ബിഎച്ച്പിയാണ് കരുത്ത്. 1.5 ലീറ്റര്‍ ടര്‍ബോ ഡീസല്‍ എന്ജിന് 84 ബിഎച്ച്പി – 200 എന്‍എം , 108.5 ബിഎച്ച്പി – 250 എന്‍എം എന്നീ വകഭേദങ്ങളില്‍ ലഭിക്കും.