തൃശൂര്‍ : വീണ്ടും പരീക്ഷാകാലമെത്തുന്നു. കൌണ്‍സലിങ് സെന്ററുകളില്‍ പരീക്ഷാപ്പേടിയുമായി എത്തുന്നവരുടെ എണ്ണം കൂടുതലാണ്. ഈ പരീക്ഷയില്‍ മികവു കാട്ടാനായില്ലെങ്കില്‍ ജീവിതം തീര്‍ന്നുവെന്ന നിലപാടിലാണു പല കുട്ടികളും. ഓര്‍മ നില്‍ക്കുന്നില്ല, പഠിക്കാനിരുന്നാല്‍ ഉറക്കം വരുന്നു, ഫലം വരുന്ന കാര്യമോര്‍ക്കുമ്പോള്‍ പേടിയാവുന്നു…. തുടങ്ങി ഒട്ടേറെ ആശങ്കകളുമായാണു കുട്ടികള്‍ പരീക്ഷയെ നേരിടുന്നത്.
കുട്ടികളുടെ ഈ ഭയത്തിനു പിന്നിലെ പ്രധാന കാരണം മാതാപിതാക്കളുടെ അമിത ആശങ്കയും വൈകാരിക സമീപനവുമാണ്. പരീക്ഷയടുക്കുമ്പോള്‍ അമിത സമ്മര്‍ദം നല്‍കുന്നതു വിപരീത ഫലമുണ്ടാക്കും. 11 വര്‍ഷമായി തൃശൂരില്‍ പ്രവര്‍ത്തിക്കുന്ന മൈത്രി സംഘടന ഒട്ടേറെ കുട്ടികളെയും രക്ഷിതാക്കളെയും കൌണ്‍സലിങ്ങിലൂടെ സഹായിച്ചിട്ടുണ്ട്. മൈത്രി സംഘടനയുടെ ഹാര്‍ട്ട് ആശുപത്രിയിലെ 258-ാം നമ്പര്‍ മുറിയിലെ കേന്ദ്രത്തില്‍ നേരിട്ടെത്തി കൌണ്‍സലിങ് നേടാം.
ഫോണിലൂടെയും ആശങ്കകള്‍ പങ്കുവയ്ക്കാം. മക്കളുടെ ടെന്‍ഷന്‍ മാതാപിതാക്കളെയും ബാധിക്കുന്നുണ്ടെങ്കില്‍ അവര്‍ക്കും മൈത്രിയില്‍ വിളിക്കാവുന്നതാണ്. വീട്ടിലെങ്ങനെ പറയും എന്ന പേടി തോന്നുന്നിടത്താണ് ആത്മഹത്യ എന്ന പോംവഴിയെക്കുറിച്ചു കുട്ടികള്‍ ചിന്തിക്കുന്നതെന്നു മൈത്രിയുടെ സാരഥി കൊച്ചമ്മിണി ഇട്ടിയച്ചന്‍ പറയുന്നു.
മൈത്രി ഫോണ്‍: 98472 51700.
മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടത്:
- പരീക്ഷ നടന്നുകൊണ്ടിരിക്കുമ്പോള്‍ കുട്ടികളില്‍ സമ്മര്‍ദമുണ്ടാക്കരുത്. അവര്‍ നന്നായി പഠിക്കുന്നുണ്ടെന്നും പരീക്ഷ നന്നായെഴുതാന്‍ പറ്റുമെന്നുമുള്ള വിശ്വാസം കുട്ടികളിലേക്കു പകരുക.
- പറ്റുന്നത്ര മാര്‍ക്കു നേടുക എന്നു പറയുക. റിസല്‍റ്റിനെക്കുറിച്ചുള്ള അമിത ആശങ്ക കൊടുക്കരുത്.
- നന്നായി മാര്‍ക്കു നേടിയില്ലെങ്കില്‍ നല്ല കോഴ്സിനു ചേരാനാവില്ലെന്നുള്ള ഉപദേശം കൊടുക്കേണ്ടതു പരീക്ഷ അടുക്കുമ്പോഴല്ല.
- പരീക്ഷാ ദിവസങ്ങളില്‍ ഉറക്കമിളച്ചിരുന്നു പഠിക്കാന്‍ നിര്‍ബന്ധിക്കരുത്. അത്യാവശ്യം വിശ്രമിക്കുകയും നന്നായി ഉറങ്ങുകയും ചെയ്താല്‍ ഓര്‍മശക്തി കൂടും.
- റിസല്‍റ്റ് മോശമായാല്‍ കുട്ടിയെത്തന്നെ ഉപേക്ഷിക്കുന്ന രീതിയാണു ചില രക്ഷിതാക്കള്‍ക്ക്. ഇനി നിന്റെ കാര്യം നീ നോക്കിക്കോ എന്നും മറ്റുമുള്ള വാക്കുകള്‍ പറയരുത്.
- പരീക്ഷയില്‍ മാര്‍ക്കു കുറയുന്നതോ, തോല്‍ക്കുന്നതോ ജീവിതത്തിലെ തോല്‍വിയായി കാണരുത്. പരീക്ഷയ്ക്കു മാര്‍ക്കു കുറഞ്ഞ പലരും മഹാന്‍മാരായിട്ടുണ്ട്. അതിനാല്‍ പിന്നീടുള്ള പഠനത്തില്‍ ശ്രദ്ധിക്കുക എന്ന ഉപദേശം നല്‍കുക.
- പരീക്ഷ കഴിഞ്ഞാല്‍ ഇനി റിസല്‍റ്റ് വരുന്നതാണു വലിയ സംഭവം എന്ന സന്ദേശം കുട്ടികള്‍ക്കു നല്‍കരുത്. നന്നായി പഠിച്ചു പരീക്ഷയെഴുതി. ഇനി റിസല്‍റ്റ് വരുമ്പോള്‍ നോക്കാം എന്ന രീതിയാവും നല്ലത്. റിസല്‍റ്റ് ഒരു ഇടിത്തീപോലെ കാത്തിരിക്കുകയാണു പല കുട്ടികളും. അതു പാടില്ല. ജീവിതത്തിലെ പല അനുഭവങ്ങളുംപോലെ ഒന്നായി മാത്രം റിസല്‍റ്റിനെ കാണുക.