ലോകത്തെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ സാംസങിന് കഴിഞ്ഞ ജൂലായ്-സപ്തംബര്‍ കാലയളവില്‍ റിക്കോര്‍ഡ് ലാഭമെന്ന് വിലയിരുത്തല്‍ ..
ആ മൂന്നുമാസ കാലയളവില്‍ കമ്പനി 940 കോടി ഡോളര്‍ (58,000 കോടി രൂപ) ലാഭം നേടിയിരിക്കാമെന്നാണ് റിപ്പോര്‍ട്ട്. പോയ വര്‍ഷം ഇതേ കാലയളവില്‍ കമ്പനി നേടിയ ലാഭത്തെ അപേക്ഷിച്ച് 25 ശതമാനം കൂടുതലാണിത്.
ലോകത്തെ ഏറ്റവും വലിയ ടെലിവിഷന്‍ നിര്‍മാതാവ് കൂടിയായ സാംസങിന്റെ വിജയക്കുതിപ്പിന് പിന്നിലെ തുറുപ്പ് ശീട്ട് കമ്പനിയിറക്കുന്ന ഗാലക്‌സി പരമ്പരയിലെ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണുകളാണ്.
ഗാലക്‌സി ഫോണുകളുടെ വില്‍പ്പന നിരക്ക് കുറഞ്ഞേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ അടുത്തയിടെ വന്നിരുന്നു. അത് സാംസങിന് അല്‍പ്പം ആശങ്ക സൃഷ്ടിക്കുകയും ചെയ്തു. എന്നാല്‍ , അത്തരം ആശങ്കകള്‍ ആട്ടിയകറ്റിക്കൊണ്ടാണ് ലാഭക്കണക്ക് മുന്നോട്ട് കുതിക്കുന്നത്. സാംസങ് അതിന്റെ വിജയക്കുതിപ്പ് തുടരുക തന്നെയാണെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
കുറഞ്ഞ വിലയ്ക്ക് സ്മാര്‍ട്ട്‌ഫോണുകള്‍ രംഗത്തെത്തിക്കുന്ന ഒട്ടേറെ കമ്പനികള്‍ പുതിയതായി രംഗത്തെത്തിയിട്ടുണ്ട്. അവയുടെ സ്വാധീനം വര്‍ധിക്കുന്നത് സാംസങിന്റെ വളര്‍ച്ചാവേഗം കുറയ്ക്കുമെന്നാണ് പലരും കരുതിയിരുന്നത്. അത്തരം വിലയിരുത്തലുകള്‍ ശരിയല്ലെന്നാണ് വ്യക്തമാകുന്നത്.
സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് ആപ്പിളിന്റെ ഐഫോണ്‍ നേടിയിരുന്ന മേല്‍ക്കൈ അവസാനിപ്പിച്ചത് സാംസങിന്റെ ഗാലക്‌സി ഫോണുകളാണ്. ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാവായി സാംസങിന് മാറാന്‍ കഴിഞ്ഞതും ഗാലക്‌സി ഫോണുകളുടെ സഹായത്തോടെയാണ്.
വിലകൂടിയ മോഡലുകള്‍ മാത്രമല്ല, സാധാരണക്കാരെ ഉദ്ദേശിച്ച് വിലക്കുറഞ്ഞ ഗാലക്‌സി മോഡലുകളും വിപണിയിലെത്തിച്ചതാണ് സാംസങിന് അതിന്റെ വിജയഗാഥ രചിക്കാന്‍ അവസരമൊരുക്കിയതെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.
അതോടൊപ്പം ഗവേഷണത്തിനും നവീനതയ്ക്കും സാംസങ് വലിയ പ്രധാന്യം നല്‍കി. ലോകത്തെ ഏറ്റവും മികച്ച ഗവേഷണ വിഭാഗമുള്ള കമ്പനികളിലൊന്നാണിന്ന് സാംസങ്. വക്രസ്‌ക്രീനോടുകൂടി സ്മാര്‍ട്ട്‌ഫോണ്‍ തങ്ങള്‍ പുറത്തിറക്കാന്‍ പോകുന്നതായി കഴിഞ്ഞ മാസമാണ് കമ്പനി പ്രഖ്യാപിച്ചത്.
മൈക്രോസോഫ്റ്റ്, ആപ്പിള്‍ , ഗൂഗിള്‍ തുടങ്ങിയ മുന്‍നിര കമ്പനികളെ പിന്തള്ളിക്കൊണ്ട്, ഗാലക്‌സി ഗിയര്‍ എന്ന പേരില്‍ ഒരു സ്മാര്‍ട്ട് വാച്ച് സാംസങ് പുറത്തിറക്കിയതും കഴിഞ്ഞ മാസമാണ്.