കൊടകര എന്ന ഞങ്ങടെ നാടിന്റെ ദേശീയോത്സവമാണ് ഷഷ്ഠി. ഓര്മ്മയിലെ ഷഷ്ഠി ദിവസങ്ങളിൽ കൊടകര ഒരു സ്വതന്ത്ര രാജ്യമായി പ്രഖ്യാപിക്കപ്പെടുന്നതും പല കാര്യങ്ങളും ഓണ്‍ ദ സ്പോട്ട് തീരുമാനമാക്കുന്നതും മുന്പ് പതിവായിരുന്നു. അതിന്റെ ആവേശത്തിൽ തലേ ദിവസം വരെ പരസ്പരം പല്ലിറുമ്മി നടന്നവർ പുറത്തുനിന്നു വന്നു ഡാവിറക്കുന്ന ഗെഡികല്ക്കെതിരെ ഒന്നിച്ചണി നിരക്കുക വരെ ചെയ്യും. അന്ന് കൊടകരക്കാരൻ ആതിഥേയൻ, പരോപകാരി, കലിപ്പൻ, അലമ്പൻ, ഒത്തുതീർപ്പ് വിദഗ്ദൻ, പോലീസ്, ജഡ്ജി.. ഒക്കെ ആവും. “ഡാ.. കിട്ടീത് വാങ്ങി വിട്ടോ.. വിട്ടോ.. ഇതിന്റെ ബാക്കി പെരുന്നാളിന്, ട്ടാ..” എന്നൊരു താക്കീതോടെ ആവും മിക്കവാറും വിധി വരുന്നത്!
അപ്പൊ പറഞ്ഞു വന്നതെന്താന്നു വച്ചാൽ ഷഷ്ഠി കൊടകരയുടെ ജീവശാസമാണ്. പൊരി, മുറുക്ക്, ചീട, ഉഴുന്നട, അലുവ (നോട് ഹൽവ .. നോട്ട് ദി പോയിന്റെ!) തുടങ്ങിയവയും ഈന്തപ്പഴവും കരിമ്പും കൊണ്ട് ഓരോ ഷഷ്ഠിയും കൂടുതൽ വിഭവസമൃദ്ധമാക്കാൻ കച്ചവടക്കാർ എത്തും. താല്ക്കാലിക ചായക്കടകൾ, കൈ നോക്കിയും തത്തയെക്കൊണ്ട് ചീട്ടെടുപ്പിച്ചും ഭാവി പറയുന്ന അമ്മൂമ്മമാർ, വള, ചാന്തു, കണ്മഷി സ്ടാളുകൾ തുടങ്ങിയ പ്രസ്ഥാനങ്ങൾ റോഡിനിരുവശവും അമ്പലപ്പറമ്പിലും നിറയും. സർപ്പസുന്ദരിയും മിനി കാഴ്ചബംഗ്ലാവും മരണക്കിണറും കാണാനും യന്ത ഊഞ്ഞാലിൽ വട്ടം കറങ്ങാനും ആളുകള് ഒഴുകിയെത്തും. ഇപ്പോഴും ഒരു കൊല്ലവും മുടങ്ങാതെ ഇതൊക്കെ ആവര്ത്തിക്കും. ഷഷ്ഠിപ്പറമ്പിലെ ബാറിൽ അന്നും ഇന്നും ഒരേ തിരക്ക് തന്നെ! ഷഷ്ടി ദിവസം ഏഴു പ്രദർശനങ്ങൾ എന്നെഴുതിയ സിനിമാ പോസ്റ്ററുകൾ മാത്രം കാണാതായിരിക്കുന്നു. തീയെറ്ററില്ലാതെ സിനിമ പറ്റില്ലല്ലോ.
“കൊടുങ്ങലൂർ ഭരണിക്ക് ഞങ്ങള് പോയപ്പോ കൊടകര നിന്നൊരു കോള് കിട്ടി” എന്നൊരു പാട്ട് ഉണ്ടാര്ന്നെങ്കിലും ഞങ്ങൾ കൊടകരക്കാർക്ക് വല്യ അഭിമാനം അതിൽ തോന്നിയിരുന്നില്ല. “അതെഴുത്യോനെ കിട്ട്യാ…” എന്ന് ആരേം മെക്കിട്ടു കയറാൻ കിട്ടാതാവുമ്പൊ പലവട്ടം പലരും പറയുന്നത് കെട്ടിട്ടുണ്ട്. കുറെ കൊല്ലങ്ങൾക്ക് ശേഷം കലാഭവൻ മണി, “വരിക്കച്ചക്കേടെ ചൊള കണക്കിന് തുടു തുടുത്തൊരു കല്യാണി.. കൊടകരയിൽ കാവടിയാടുമ്പോ കണ്ടെടീ ഞാനൊരു മിന്നായം..” എന്ന പാട്ടിലൂടെ രാജ്യാന്തര പ്രശസ്തി കൊടകരയ്ക്ക് കൊണ്ട് തന്നപ്പോ വൈശാലീൽ മഴ പെയ്ത പോലെ കൊടകരയിലെ രോമമുള്ളവർ രോമാഞ്ചവും അല്ലാത്തവർ തോലാഞ്ചവും കൊണ്ടു എന്നതാണ് സത്യം. പാട്ടിൽ കൊടകര വന്നു എന്ന് മാത്രമല്ല, കാവടിയാട്ടവും ഒപ്പം വന്നു എന്നതിലായിരുന്നു മേൽ പറഞ്ഞ ‘ആഞ്ച’ങ്ങൾ. പക്ഷെ, പതിയെ പതിയെ ഷഷ്ടി ‘ആഗോള ശക്തി’കൾ കീഴടക്കുന്ന കാഴ്ചയാണ് കണ്ടു കൊണ്ടിരിക്കുന്നത്. കൊടകരക്കാരുടെ റോൾ മാറിമാറി കാഴ്ചക്കാരോ ആസ്വാദകരൊ ആവുന്നതും ഒപ്പം കാണേണ്ടി വരുന്നു. എങ്കിലും, ഷഷ്ഠി ഞങ്ങള്ക്ക് ഷഷ്ഠിയാണ്. “ഷഷ്ഠിയ്ക്ക് ഉണ്ടാവില്ലേ?” എന്ന് പരസ്പരം ചോദിക്കാനോ, “ഷഷ്ഠിയ്ക്ക് കാണണം..ട്ടോ” എന്ന് പറയാനോ ഉള്ള ഒരു വികാരം.
ഇത്രേം ആമുഖമായി പറഞ്ഞ സ്ഥിതിയ്ക്ക് ഇരുപതു കൊല്ലങ്ങൾക്ക് മുമ്പുള്ള ഒരു ഷഷ്ഠി ഒര്മ്മിക്കാതിരിക്കാൻ വയ്യ. പതിവായി ചെയ്തു വരാറുള്ള ‘പബ്ലിസിറ്റി ബ്യൂറോ’ എന്ന സ്ഥിരം പരിപാടിയ്ക്ക് പകരം ഒരു ഇന്നോവേറ്റീവ് ഐഡിയ വേണം എന്ന ഉറച്ച വാശിയിലായിരുന്നു ഞങ്ങൾ. നടന്നു പരസ്യം പിടിക്കണം. അതിനു സ്ക്രിപ്റ്റ് ഉണ്ടാക്കണം, ഡബ്ബു ചെയ്യാൻ വരുന്ന ചേട്ടായിമാർക്ക് സംതിങ്ങ് കൊടുക്കണം, റെക്കോഡ് ചെയ്യണം, സ്പീക്കർ മുതൽ ആമ്പ്ലിഫയർ വരെ വാടകയ്ക്കെടുക്കണം. സ്ഥാപിക്കാനുള്ള സ്ഥലത്തിനും വാടക വേണം, എല്ലാം കഴിഞ്ഞു പോലീസ് പെര്മ്മിഷനും വേണം. ഇതൊക്കെ കഴിഞ്ഞു കാശ് ചോദിച്ചു ചെല്ലുമ്പൊ ഒരായിരം കുറ്റം പറച്ചിൽ ഉണ്ട്.
“എന്റെ കടേരെ പരസ്യം എന്തൂട്ടാർന്നു ? പരസ്യാ അത്? മറ്റൊന്റെ പരസ്യം നിങ്ങള് നന്നായി ചെയ്തൂല്ലേ…” തുടങ്ങിയ പരാതികളും പ്രാക്കും. അവസാനം നോക്കുമ്പോൾ പത്തിരുന്നൂറ് രൂപ മാത്രം മിച്ചം ഉണ്ടാവും. ഒരു മാസത്തെ നടപ്പും സജി ഹോട്ടലീന്നും ഗരുഡയില്നിന്നും കഴിച്ച പൊറോട്ടേം ചാറും മാത്രം ഓർമ്മയിൽ സൂക്ഷിക്കാൻ ബാക്കി. ഇത്തവണ അത് പോരാ എന്ന ചിന്തകള് ഞങ്ങൾ പ്ളീനം കൂടി പങ്കു വച്ചു. ഒന്നുകിൽ കൂടുതൽ ലാഭം വേണം. അല്ലെങ്കിൽ പണി കുറയണം.
“രണ്ടും ഒരുമിച്ചു നടക്കുന്ന ഒരു പരിപാടി ഉണ്ട്.” രാജേഷ്