കുടുംബം കലക്കി

വര്‍ഷാവര്‍ഷം വീട്ടില്‍ നിന്നും സ്‌കൂളില്‍ നിന്നും സുലഭമായി കിട്ടിപ്പോന്നിരുന്ന തല്ല് പോരാഞ്ഞിട്ട്, അമ്മാവന്റെ കയ്യിലുള്ളതുകൂടെ വാങ്ങിച്ചെടുക്കാന്‍ ഞാന്‍ സ്‌കൂള്‍ പൂട്ടിയതിന്റെ പിറ്റേന്ന് തന്നെ അമ്മവീടായ ആനന്ദപുരത്തേക്ക് പോകും.

സുന്ദരമായൊരു ഗ്രാമമായിരുന്നു ആനന്ദപുരം. ഗ്രാമത്തിന്റെ നിഷ്‌കളങ്കതയും റൊമാന്റിക്ക് അന്തരീക്ഷവും എന്റെ അച്ചാച്ഛനെയും അമ്മാമ്മയേയും; ഷാജഹാന്റെയും മുംതാസിനെയും പോലെ ‘മേയ്ഡ് ഫോര്‍ ഈച്ച് അദര്‍’ ദമ്പതിമാരാക്കിത്തീര്‍ത്തു. എന്തായാലും അവരങ്ങിനെ ഒരാത്മാവും രണ്ട് ശരീരവുമായി കഴിഞ്ഞിരുന്നതുകൊണ്ട്, അമ്മാമ്മക്ക് പേറൊഴിഞ്ഞിട്ട് നേരമുണ്ടായിരുന്നില്ല.!

ബ്രാല് പാറ്റിയപോലെ, പതിനാലെണ്ണം.

കരിയോയിലില്‍ വീണ് ചീര്‍ത്ത അഞ്ച റിത്തിക് രോഷന്മാരും ഒമ്പത് ഐശ്വര്യാറായിമാരും. അച്ഛനും മക്കളും നിരന്ന് നിന്നാല്‍ പൂരത്തിന് പാറമേക്കാവ് വിഭാഗം ആനകള്‍ പുറം തിരിഞ്ഞുനില്‍ക്കുകയാണെന്നേ തോന്നൂ..!

അവരുടെ മക്കളും മരുമക്കളും തമ്മില്‍ തമ്മില്‍ ഇത്രമേല്‍ ‘ആത്മാര്‍ത്ഥത’ ഇല്ലാത്തതുകൊണ്ടാണോ അതോ ഹോബികളിള്‍ വന്ന മാറ്റമാണോ എന്തോ, ഭാഗ്യം, മക്കല്‍ നാലില്‍ കൂടിയില്ല. എങ്കിലും, പലതുള്ളി പെരുവെള്ളം എന്ന് പറഞ്ഞോണം, സ്‌കൂളടച്ചാല്‍, നാനാദിക്കില്‍ നിന്നും അമ്മ വീട് ലക്ഷ്യമായൊഴികിയെത്തുന്നവരെല്ലാം വന്നുചേര്‍ന്നാല്‍, അമ്മാവന്റെ വീട്, ഒരു ദുര്‍ഗുണപരിഹാരപാഠശാല പോലെയായി മാറും.

ബാലപീഢനകലയില്‍ അതിനിപുണനായിരുന്ന ചെറിയമ്മാവന്റെ ശിക്ഷണത്തില്‍ ആണ്‍ജാതിയില്‍ പെട്ട അന്തേവാസികള്‍, ഞങ്ങള്‍, സപ്തസ്വരങ്ങളില്‍ അകറിക്കരയാന്‍ നിത്യേനെയെന്നോണം പ്രാക്റ്റീസ് നടത്താറുണ്ട്.

പറമ്പും പാടവുമായി വലിയ ഒരു ഏരിയ തന്നെ സ്വന്തമായുണ്ടായിരുന്ന അമ്മാവന്; തല്ലാനുള്ള വടിയടക്കം ഒരുമാതിരി എല്ലാ കൃഷിയുമുണ്ടായിരുന്നു. അന്നാട്ടില്‍ ഏറ്റവും ആദ്യം പത്തിന്റെ പമ്പ്(മോട്ടോര്‍) വാങ്ങിയത് താനായതുകൊണ്ട് ലോകത്തുള്ളവരെല്ലാം തന്നെ പേടിക്കുകയും ബഹുമാനിക്കുകയും വേണമെന്ന പ്രകൃതക്കാരനുമായിരുന്നു അദ്ദേഹം.

അമ്മാവന്റെ വളപ്പിലെ കിഴക്കുഭാഗം മുഴുവന്‍ കശുമാവാണ്. സ്‌കൂളടക്കുന്ന സീസണിലാണല്ലോ കശനണ്ടി വിളയുക. ബാലവേല നിരോധനനിയമമൊന്നും പ്രാബല്യത്തില്‍ വരാതിരുന്ന അക്കാലത്ത്, കൊപ്ര കുത്തല്‍, നെല്ല് ഉണക്കല്‍, പറമ്പില്‍ വെള്ളം തിരിക്കല്‍, കൊള്ളിക്കിഴങ്ങ് പറക്കല്‍, കൂര്‍ക്ക കുത്തല്‍ തുടങ്ങിയ പല പല ഗെയിമുകളേപ്പോലെ, കമ്പല്‍സറിയായി കളിക്കേണ്ടിയിരുന്ന ഒന്നാണ് രാവിലെയുള്ള കശനണ്ടി പെറുക്കര്ല്‍.

കൊടകര സ്‌കൂളിന് മുന്‍പില്‍ ഐസ് വില്‍ക്കണ കൃഷ്ണന്‍കുട്ട്യേട്ടന്‍ സ്‌കൂല്‍ പൂട്ടിയാല്‍ ഓള്‍ട്ടെര്‍ണേറ്റീവ് ഡേയ്‌സില്‍ ആനന്ദപുരം വഴിക്കു കറങ്ങും. ഐസ് ഫ്രൂട്ട്, ബാര്‍ട്ടര്‍ സമ്പ്രദായത്തില്‍ കിട്ടിയിരുന്നു.

10 കശനണ്ടിക്ക് ഒരു സേമിയ ഐസ്, അതായിരുന്നു എക്‌സ്ചേഞ്ച് റേറ്റ്.

ഉച്ചഭക്ഷണം കഴിഞ്ഞ് അമ്മാവനുറങ്ങിക്കഴിയുമ്പോഴാണ് ഐസുകാരന്റെ മണിയടി കേള്‍ക്കുക. ഒരു ദിവസം പശുവിനെ കറക്കാന്‍ നേരത്തേയെണീറ്റ അമ്മാവന്‍ വരിവരിയായി വരുന്ന ഞങ്ങളെക്കാണുകയും ഓറഞ്ച് കളറുള്ള നാക്ക് കണ്ട് സംഭവം ഊഹിച്ചെടുക്കുകയും ചെയ്തു. അമ്മാവനെ അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്ത്,

‘സത്യായിട്ടും ഐസ് തിന്നിട്ടില്ല മാമാ’ എന്ന 916 ടച്ച് ഹോല്‍മാര്‍ക്ക് സത്യം ഐസിന്റെ തരിപ്പില്‍ കുറച്ച് കൊഞ്ഞപ്പൊടെ പറഞ്ഞതില്‍ പ്രസാദിച്ച് അടുത്ത് കണ്ട നീരോലി ചെടി കടയോടെ പറച്ച്, ‘മേലാല്‍ നീ നുണപറയരുത്’ എന്ന് പറഞ്ഞെന്നെ അടിച്ചൊതുക്കി.

കുതറിയോടാനും എതിര്‍ത്ത് ജയിക്കാനും പറ്റാത്ത അവസ്ഥ. പ്രായഭേദമന്യേ വര്‍ഗ്ഗഭേദമന്യേ ഏതൊരുമനുഷ്യനും എന്തിന്റെപേരിലായാലും ഈ അവസ്ഥ സങ്കീര്‍ണ്ണമാണ്.

ഐസ് ഫ്രൂട്ട് കേയ്‌സില്‍ രക്തസാക്ഷിയായ ഞാനൊരു പ്രതികാര ദാഹിയായി മാറുകയായിരുന്നു. വിറകുപുരയിലെ ചാരത്തില്‍ ഉതിര്‍ന്നുവീണ എന്റെ കണ്ണുനീര്‍ തുള്ളികളെ സാക്ഷി നിര്‍ത്തി, അമ്മാവനെ ചേനത്തണ്ടന്‍ പാമ്പുകടിക്കണേയെന്ന് ഞാന്‍ ഉള്ളുരുകി പ്രാര്‍ത്ഥിച്ചു; പ്രാര്‍ത്ഥന പാമ്പുകള്‍ മൈന്റ് ചെയ്തില്ലെങ്കിലും…!

ആനന്ദപുരത്തെ ദേശീയോത്സവമാണ് തറക്കല്‍ ഭരണി. അന്നേദിവസം അമ്മാവന്‍ ഭയങ്കര ലാവിഷാണ്. എല്ലാവര്‍ക്കും ഓരോ പിടിയാണ് ചില്ലറ തരിക. അതുകൊണ്ടാണ്, ജയന്റെ പാസ്സ്പോര്‍ട്ട് സൈസ് കളര്‍ ഫോട്ടോ, ബൈനാക്കുലര്‍, മിറര്‍ മോതിരം തുടങ്ങിയവ വാങ്ങല്‍, ഒന്നുവച്ചാല്‍ രണ്ട്, കലണ്ടറിലെ സ്റ്റിക്കര്‍ പൊളിച്ചുള്ള ഗാമ്പ്‌ലിംഗ് തുടങ്ങിയവയൊക്കെ നടത്തി ആര്‍മാദിച്ചിരുന്നത്.

അക്കൊല്ലം ഭരണിത്തലേന്ന്, സ്വന്തം ഡിസ്റ്റില്ലറിയിലുണ്ടാക്കിയ കശുമാങ്ങ ചാരായം കുടിച്ച് അമ്മാവന്‍ ഒരാവേശത്തിന്റെ പുറത്ത് കോണ്‍സിക്വന്‍സസിനെക്കുറിച്ചോര്‍ക്കാതെ, ‘എന്റെ എല്ലാ കൂടപ്പിറപ്പുകളും എന്നെ പറ്റിച്ചിട്ടേയുള്ളൂ’ എന്ന് ഒരു ജെനറല്‍ വിജ്ഞാപനം പുറപ്പെടുവിച്ചു.

അമ്മാവന് ഒരു പണികൊടുക്കാനായി ഒരു ചാന്‍സ് നോക്കിനിന്ന ഞാന്‍,അമ്മവന്റെ ഡയലോഗ് ‘കൊടകരക്കാര്‍ പറ്റിച്ചു’ എന്നാക്കി മാറ്റി അതുവച്ച് ആര്‍ഭാടമായി ഒരു പുരാണമുണ്ടാക്കാന്‍ തന്നെ തീരുമാനിച്ചു. പതിവിലും നേരത്തേ, പൂരവും രാത്രിയിലെ ‘കുഞ്ഞാലിമരക്കാര്‍’ നാടകവും കഴിഞ്ഞ് , പിറ്റേന്ന് കാലത്ത് തന്നെ ഞാന്‍ ആവേശത്തോടെ തുള്ളിച്ചാടി വീട്ടില്‍ പോയി പുരാണം, അച്ഛനോട് പരമാവധി വൃത്തിയായി പറഞ്ഞുകൊടുത്തു.

അവന്‍ മുണ്ടക്ക മാധവനാണെങ്കില്‍ ഞാന്‍ എടത്താടന്‍ രാമനാണെടീ…. അവനെപ്പറ്റിക്കേണ്ട ആവശ്യമെനിക്കില്ലെടീ…. എന്നുതുടങ്ങി കുറേ ആത്മപ്രശംസാ വാചകങ്ങള്‍ ഉള്‍പെടുത്തിക്കൊണ്ട് അച്ഛന്‍ നടത്തിയ വെല്ലുവിളികളെയും ബഹളത്തെയും തുടര്‍ന്ന്, അടയും ചക്കരയുമായി കഴിഞ്ഞിരുന്ന, മാസിലൊരിക്കല്‍ ഒരു പൈന്റ് വെട്ടിരുമ്പ് വാങ്ങി പകുത്തടിച്ചിരുന്ന ആ അളിയനും അളിയനും, പിന്നെ കൊല്ലങ്ങളോളം ഇന്ത്യയും പാക്കിസ്ഥാനും പോലെയായി മാറി. പാവങ്ങള്‍..!

ആ സംഭവത്തിന് ശേഷമാണ് അമ്മവീട്ടുകാരെല്ലാവരും ചേര്‍ന്ന് എനിക്ക് ‘ കുടുംബം കലക്കി’ എന്ന ബഹുമതി തന്നാദരിച്ചത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!