രക്ഷസ്സ്.

ഭൂതപ്രേതപിശാചുകളുടെ തൃശ്ശൂര്‍ ജില്ലയിലെ ആസ്ഥാനമായിരുന്നു ആനന്ദപുരം ഗ്രാമം. പ്രിയൂര്‍ മാമ്പഴത്തില്‍ പുഴുവരുന്നതിന്റെ കാരണം അതിന്റെ അതിമാധുര്യമാണെന്നതുപോലെ, ആനന്ദപുരത്തിന്റെ ക്ലൈമാറ്റിക് കണ്ടീഷന്‍സും ലൊക്കേഷന്റെ സൌന്ദര്യവുമാണ് ഇങ്ങിനെയൊരു അവസ്ഥക്ക് കാരണമെന്നാണ് അന്നാട്ടുകാര്‍ പറയുന്നത്.

പ്രേതങ്ങളും യക്ഷികളും പൊതുവേ പാലയിലോ പനയിലോ മറ്റോ കേറി കൂടുന്നവരും, തെണ്ടന്മാര്‍ ഇരുപത്തിനാല് മണിക്കൂറും തെണ്ടിത്തിരിഞ്ഞ് നടക്കുന്നവരുമാണെങ്കിലും രക്ഷസ്സുകള്‍ അങ്ങിനെയല്ല. സ്വസ്ഥമായി ഒരിടത്ത് തെന്നെ കഴിയാന്‍ ആഗ്രഹിക്കുന്നവരാണിവര്‍. അതുകൊണ്ടാണത്രേ രക്ഷസ്സിന് മാത്രം ഒരു ചെറിയ സെറ്റപ്പുണ്ടാക്കി അതില്‍ അക്കോമഡേഷനും ഫുഡും അറേഞ്ച് ചെയ്തുകൊടുക്കുന്നത്. രക്ഷസ്സ് കറങ്ങി നടക്കില്ല, ഇരുത്തിയാല്‍ ഇരുത്തിയോടത്ത്. ദിവസത്തിലൊരിക്കല്‍ മാത്രം പുറത്തിറങ്ങും, രണ്ട് പുഷപ്പും മൂന്ന് ഗ്രൌണ്ടുമെടുത്ത് വീണ്ടും ധ്യാനനിരതനാകും.

ഇത്തരം അക്കോമഡേഷനുകള്‍ക്കെല്ലാം പിന്നില്‍ ഓരോരോ കഥകളുണ്ടായിരിക്കണം. ആനന്ദപുരത്തെ അത്തരമൊരു കഥയിലേക്ക്…..

ചൊവ്വാഴ്ചയായിരുന്നന്ന്. ഇരിങ്ങാലക്കുട ചന്ത കൂടുന്ന ദിവസം. സമീപ ഗ്രാമങ്ങളിലെ കര്‍ഷകരുടെ വിയര്‍പ്പിന്, മണ്ണ് നിറഞ്ഞ ഹൃദയത്തോടെ കൊടുക്കുന്ന പുണ്യം മാര്‍ക്കറ്റ് ചെയ്യപ്പെടുന്ന ദിവസം.

ഏഴരവെളുപ്പിന് തന്നെ അച്ചാച്ഛന്‍ എണീറ്റു. അല്ലെങ്കിലും തിങ്കളാഴ്ചകളിലെ രാത്രികളില്‍ പൊതുവേ മൂപ്പര്‍ക്ക് ഉറക്കം കുറവാണ്. മനസ്സില്‍ നിറയേ പ്രതീക്ഷകളും ആശങ്കകളുമായി കിടന്നാല്‍ ആര്‍ക്കാ ഉറങ്ങാനൊക്കുക. വെള്ളത്തിലിട്ട തലേന്നത്തെ ചോറും തൈരും പച്ചമുളകും കൂട്ടിക്കുഴച്ച് ഒരു പിടി പിടിച്ചുകൊണ്ടിരിക്കേയാണ് അദ്ദേഹത്തിന്റെ പത്‌നി ആ വിഷയത്തെപ്പറ്റി സൂചിപ്പിച്ചത്.

നിഷ്ണിഫെയറിന് പോകാനൊരുങ്ങിയ ആക്‌സിനോവിന്റെ ഭാര്യയെപ്പോലെ അദ്ദേഹത്തിന്റെ ഭാര്യയും രാത്രിയിലൊരു സ്വപ്നം കണ്ടിരിക്കണൂ. പക്ഷെ, മുടിയും താടിയും നരച്ച് വൃദ്ധനായിമാറിയെന്ന സ്വപ്നമല്ലായിരുന്നു ഇവിടത്തെ സ്വപ്നം.

കതിനക്കുറ്റിക്ക് കയ്യും കാലും വച്ച പോലെയിരിക്കുന്ന തന്റെ ഹബ്ബി കൊള്ളിക്കിഴങ്ങ് തൊണ്ട്കളഞ്ഞപോലെ വെളുത്തെന്ന ഒരു പ്രത്യേകതരം സ്വപ്നം.

സ്വപ്നത്തിന്റെ അസ്വാഭാവികതയില്‍, അസ്വസ്ഥമായി ‘എന്താപത്താണീശ്വരാ വരാന്‍ പോകുന്നതെന്ന’ ആവലാതിക്ക് ചെവികൊടുക്കാതെ, ചന്തയിലേക്ക് കൊണ്ടുപോകുന്ന സാധനങ്ങളുടെ വിലനിലവാരത്തെക്കുറിച്ചോര്‍ത്തുള്ള രാത്രിയിലെ ടെന്‍ഷനില്‍ തന്നെയായിരുന്നു അദ്ദേഹമപ്പോഴും.

പതിനാല് കൊല നേന്ത്രന്‍, ചെറുകായ അഞ്ച്, മത്തന്‍ ജംബോ സൈസ് ആറെണ്ണം, ഇളവനും വെള്ളരിയും പന്ത്രണ്ടും പതിനെട്ടും വീതം, ഒരു ത്ലാനോളം പയറും തെക്കേലെ വറുതുണ്ണ്യേട്ടന്റെ പത്തിരുരുപത് കിലോ കൈപ്പക്കയും. അതാണന്നത്തെ ലോഡ്.

‘തൃശ്ശൂര്‍ന്ന് വണ്ടിക്കാര്‍ വന്നാല്‍ കഴിഞ്ഞാഴ്ചയിലെപ്പോലെ ഇത്തവണയും ബ്രാല് വെള്ളത്തിലാവും’ അദ്ദേഹം ദീര്‍ഘനിശ്വാസമുതിര്‍ത്തു.

കുടി കൊടുത്ത് വണ്ടിയില്‍ കെട്ടിയ മൂരിക്കുട്ടന്മാര്‍ റെഡി റ്റു മൂവ് എന്ന മട്ടില്‍ ഏകാഗ്രതയോടെ യജമാനന്റെ ‘ഹിയര്‍ വി ഗോ’ക്ക് കാതോര്‍ത്തു. തോര്‍ത്തുമുണ്ട് തലയില്‍ കെട്ടി, കാളവണ്ടിയില്‍ ചാടിക്കയറി അദ്ദേഹം സീറ്റ് ബെല്‍ട്ടിട്ട്’ംബ്ര..ംബ്ര’ എന്ന പ്രത്യേകതരം ശബ്ദം പുറപ്പെടുവിച്ചപ്പോള്‍ കാളകള്‍ ആവേശത്തിലായി.

‘ദേ.. സൂക്ഷിച്ചും കണ്ടുമൊക്കെ പോണം ട്ടാ’ന്നുള്ള പതിവില്ലാതെയുള്ള പതിഞ്ഞ പറച്ചിലിന് ഒരു നോട്ടത്തില്‍ കൂടിയ ഒരുത്തരവും വേണ്ടെന്ന് തീരുമാനിച്ച് അദ്ദേഹം വീണ്ടും ംബ്ര..ംബ്ര.. എന്ന ശബ്ദമുണ്ടാക്കിക്കൊണ്ട് ചാട്ടവാര്‍ ചുഴറ്റിയടിച്ചു.

അങ്ങിനെ മാപ്രാണം ബണ്ടിലെ മണല്‍ത്തരികളെയും ചരലിനെയും പുലര്‍ച്ചെ വിളിച്ചെണീപ്പിച്ച്, അങ്ങിനെ കാളവണ്ടികള്‍ ഇരിങ്ങാലക്കുടയിലേക്ക് പറന്നു.

പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല. ടെന്‍ഷനടിച്ചത് വെറുതേയായി. കരിമ്പനിയില്‍ ജയന്‍ വരുമ്പോലെ പാടും പാടി അദ്ദേഹം തിരിച്ചെത്തി. ഒരു പോറല്‍ പോലുമേല്‍ക്കാതെ, തികഞ്ഞ സന്തോഷവാനായി.

അക്കാലത്ത് തറവാടിനുമുന്‍പില്‍ പാതിമൂടിയ ഒരു കിണറുണ്ടായിരുന്നു. അത്യാവശ്യം സ്‌കിപ്പായും ഉപയോഗിച്ചിരുന്നതുകൊണ്ട്, കുരുവീണ് മുളച്ച് വളര്‍ന്ന് വന്ന നാലഞ്ച് പ്ലാവിന്‍ തൈകള്‍ കൊക്കരണിയില്‍ നിന്നുയര്‍ന്നു വന്നു. പക്ഷെ, എന്തോ കായ്ക്കാന്‍ നില്‍ക്കാതെ എല്ലാ പ്ലാവുകളും ഒന്നൊന്നായി ഉണങ്ങിപ്പോയി.

പതിവിലും വിട്ട് നേരത്തെ തിരിച്ചെത്തിയ അദ്ദേഹം വാട്ട് നെക്സ്റ്റ് എന്നാലോചിച്ചപ്പോള്‍ കൊക്കരണിയിലിറങ്ങി പ്ലാവൊക്കെയൊന്ന് വെട്ടി മാറ്റാനൊരു ഉള്‍പ്രേരണ അദ്ദേഹത്തിനുണ്ടായി.

കോടാലിയും വെട്ടുകത്തിയും എളാങ്കുമായി പരസഹായമില്ലാതെ കിണറ്റിലിറങ്ങിയിട്ട് ഒരു അരമണിക്കൂറായിക്കാണണം.

‘യെന്റമ്മേ………………’

എന്ന് തരക്കേടില്ലാത്ത വോളിയത്തില്‍ അച്ചാച്ഛനൊന്ന് അകറി. അത് കേട്ട് വീട്ടിലുള്ളവരൊന്നടങ്കം കിണറിനടുത്തേക്ക് ഓടി ചെല്ലുമ്പോള്‍ കാണുന്നത്.
തവള മലന്ന് കിടക്കുമ്പോലെ, കെടക്കുന്ന അച്ചാച്ചനെയാണ്.

കസാര കെട്ടിയിറക്കി മുകളിലെത്തിക്കുമ്പോഴും ബോധം തിരിച്ചുകിട്ടിയിട്ടില്ലായിരുന്നു.

ദേഹമെല്ലാം തുടച്ച് കുറച്ച് കഞ്ഞിവെള്ളം കുടിപ്പിച്ചപ്പോള്‍ ആള്‍ പതുക്കെ ഉഷാറായി. പക്ഷെ, കിണറ്റിലിറങ്ങിയ അച്ചാച്ഛനായിരുന്നില്ല കയറിയ അച്ചാച്ഛന്‍. നോട്ടത്തിലും ഭാവത്തിലും പ്രകടമായ മാറ്റം.എന്തുപറ്റിയെന്ന ചോദ്യത്തിനുത്തരമായി ആള്‍ പറഞ്ഞു:

‘എനിക്കൊന്ന് നന്നായി കുളിക്കണം’

കുളികഴിഞ്ഞ് ഫ്രഷായി വന്നയുടന്‍ ആള്‍ പറഞ്ഞു:

‘എനിക്കൊന്നും കൂടെ കുളിക്കണം’

എന്ന് പറഞ്ഞ് കുളത്തിലേക്ക് വീണ്ടും പോയി.

വീണ്ടും വീണ്ടും അങ്ങിനെ ഒരു നാലഞ്ച് കണ്ടിന്യുവസ്സ് കുളി.

ഇങ്ങേരിനി വല്ല കുളിസീന്‍ കാണുവാനാണോ ഇങ്ങിനെയൊരു കുളിക്കാമ്പോക്ക് എന്നോര്‍ത്ത് കൂട്ടിനുപോയ അമ്മാമ്മക്ക് എന്തൊക്കെയോ സ്വയം പറഞ്ഞുകൊണ്ട് കുളിക്കുന്ന ഭര്‍ത്താവ് നോര്‍മ്മലല്ലെന്ന് ഉള്‍ക്കിടലത്തോടെ മനസ്സിലാവുകയും സ്വപ്നത്തിന്റെ ഇന്‍ഡിക്കേഷന്‍ ക്ലിയറാവുകയും ചെയ്തു.

അടുത്ത ദിവസം തന്നെ, നാട്ടുനടപ്പ് പ്രകാരം, പ്രശ്‌നം വെപ്പുകാരനെ വരുത്തി, പ്രശ്‌നം വച്ചപ്പോഴാണ് അന്നുവരെ ആര്‍ക്കുമറിയാതിരുന്ന ആ രഹസ്യങ്ങള്‍ പുറത്തുവന്നത്.

നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഈ തറവാടിരിക്കുന്ന സ്ഥലം ഏതോ പേരുകേട്ട നമ്പൂതിരി കുടുംബത്തിന്റെയായിരുന്നത്രേ. അടിയന്തിരമായി അവിടം വിട്ടുപോകേണ്ടി വന്ന ഒരു സാഹചര്യത്തില്‍ അവര്‍ തങ്ങളുടെ ലിക്ക്വിഡ് അസെറ്റെല്ലാം ഒരു 16 കാതുള്ള ഒരു സൂപ്പര്‍ ചരക്കില്‍ (വലിയ ചെമ്പ്..ഡോണ്ട് മിസ്സണ്ടര്‍സ്റ്റാന്റ് മി) ഇട്ട് അത് കിണറ്റിലിറക്കി വച്ച് സെക്യൂരിറ്റിയായി ഒരു രക്ഷസ്സിനെ ഏര്‍പ്പാടാക്കുകയും ചെയ്തുവത്രേ.

കാലങ്ങള്‍ ഒരുപാട് കഴിഞ്ഞിട്ടും ആ രക്ഷസ്സ് കിണറ് വിട്ട് പോയില്ല. ആയുധങ്ങളുമായി കിണറ്റിലിറങ്ങിയ അച്ചാച്ഛന്‍ ഈ ചെമ്പെടുക്കാനാണെന്ന് തെറ്റിദ്ധരിച്ച രക്ഷസ്സ്, മൈക്ക് ടൈസന്റെ പോലെ 1000 പൌണ്ട് ഭാരമുള്ള ഒരു ഇടി കൊടുക്കാന്‍ വന്നിട്ട്, അച്ചാച്ഛന്റെ പാവത കണ്ട് അല്ലെങ്കില്‍ വേണ്ട എന്ന് വിചാരിച്ച് വെറും 25 പൌണ്ടിന്റെ ഒരു തേമ്പ് കൊടുക്കുകയായിരുന്നു.

ഈ ചെമ്പിനകത്തേക്ക് വേര് ഇറങ്ങിയതുകൊണ്ടാണ് പ്ലാവുകള്‍ ഉണങ്ങിയതെന്നും കൂടെ പറഞ്ഞപ്പോള്‍, ആര്‍ക്കും ആ കഥ വിശ്വസിക്കതിരിക്കാന്‍ കഴിഞ്ഞില്ല. പ്രതിവിധിയായി പിന്നീട് ആ കിണര്‍ മൂടുകയും തൊട്ടടുത്ത് ഒരു സ്റ്റുഡിയോ അപാര്‍ട്ട്മെന്റുണ്ടാക്കി രക്ഷസ്സിനെ അവിടേക്ക് മാറ്റിയിരുത്തുകയും ചെയ്തു.

കാലക്രമേണ അച്ചാച്ഛന്റെ കുളിക്കാനുള്ള ടെന്റന്‍സിയൊക്കെ മാറി, നോര്‍മ്മലായി ചൊവ്വാഴ്ചകളില്‍ പച്ചകറികളും കൊണ്ട് ഇരിങ്ങാലക്കുടക്ക് പോക്ക് പുനരാരംഭിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!