പലതും പലരെയും ഞാന്‍ മറന്നു. പക്ഷെ, കാലത്തിന്റെ ജലം കൊണ്ട് കെടുത്താനാകാത്ത ഓര്‍മ്മയുടെ തീയെന്നൊക്കെ പറയാവുന്ന ചിലത്, അതൊരിക്കലും മറക്കാനാവില്ല.
ജിമ്‌നേഷ്യത്തിന് പോകുന്ന നാട്ടിലെ ചെറുകട്ടകള്‍ക്ക് എല്ലാകാലത്തും നേരിടേണ്ടിവരുന്ന പ്രധാന പ്രശ്‌നം, ‘ഷോ’ നടത്താനൊരിടമില്ല എന്നതാണ്. വലിയ കട്ടകള്‍ടെ പോലെ ഷഡിമാത്രമിട്ട് സ്റ്റേജില്‍ നില്‍ക്കാന്‍ പറ്റാത്ത ഇത്തരം കട്ടകള്‍ തങ്ങളുടെ ‘മീനിന് പലിഞ്ഞീന്‍ വന്നപോലെയുള്ള’ മസിലുകളുടെ പ്രദര്‍ശനത്തിന് പ്രധാനമായും ആശ്രയിക്കുക, കുളിക്കടവും അമ്പലവും അതുപോലെ കല്യാണവീട്ടിലെ നാളികേരം ചിരകലുമൊക്കെയായിരിക്കും.
ചുറ്റുവട്ടത്ത് ഒരു കല്യാണമുണ്ടെങ്കില്‍, വിളിച്ചില്ലെങ്കിലും തലേദിവസം പോയി ഇത്തരക്കാര്‍ നാളികേരം ചിരകി കൊടുക്കും. കുറച്ച് ചിരകുമ്പോള്‍ സ്വാഭാവികയി വിയര്‍ക്കുകയും ഷര്‍ട്ടൂരുകയും ചെയ്യും. അതാണ് അതിന്റെയൊരു രീതി. ഇത്തരത്തില്‍ ഷോകള്‍ നടത്തി നടത്തി, സാമാന്യം അറിയപ്പെടുന്ന ഒരു നാളികേരം ചിരകിയായി മാറിയ എന്നോട്,
‘നീ തൃശ്ശൂര്‍ക്ക് കമ്പ്യൂട്ടര്‍ പഠിക്കാനാ പോണേന്ന് പറഞ്ഞിട്ട് അവിടെ തേങ്ങ ചിരകലാണ്ല്ലേ പഠിക്കണേ?’ എന്നു വരെ ചോദിച്ചുതുടങ്ങി.
കൊടകരക്കും നെല്ലായിക്കുമിടക്കുള്ള, കുളത്തൂര്‍ പാടത്തെ ചിറ, പരിസരത്തെ ഏറ്റവും വലിയതും കണ്ണീര്‍ പോലത്തെ തെളി വെള്ളമുള്ളതുമായതുകൊണ്ട്, ഒരു പാട് പേര്‍ക്ക് സ്ഥിരം കുളിക്കാനും അലക്കാനുമുള്ള വേദിയായിരുന്നത്.
‘കൊടകര നിന്ന് കുറച്ച് കട്ടകള്‍ കുളിക്കാന്‍ വരുന്നുണ്ട്’ എന്ന് ആരോ ഞങ്ങളെപ്പറ്റി പറഞ്ഞെന്ന് കേട്ടതില്‍ പിന്നെ, വല്ലപ്പോഴും കുളിക്കാന്‍ പോയിരുന്ന ഞങ്ങള്‍ അവിടത്തെ സ്ഥിരം കുളിക്കാരായി മാറി.
ചിറയില്‍ രണ്ടാള്‍ക്ക് ആഴം കാണുമെങ്കിലും, മണ്ണുവന്ന് കൂനയുള്ള ഒരു സ്‌പോട്ടില്‍ ഏറെക്കുറെ അഞ്ചടി മാത്രമേ ആഴമുള്ളൂ. ഒരു ദിവസം, നീന്തലിനിടക്കുള്ള ബ്രേക്കില്‍, ഈ സ്‌പോട്ടില്‍ നിന്നുകൊണ്ട്, വനിതയിലേയും ഗൃഹലക്ഷിമിയിലേയുമൊക്കെ ‘ഡോക്ടറോട് ചോദിക്കുക’ ‘മനശ്ശാസ്ത്രജ്ഞന്റെ മറുപടി’ തുടങ്ങിയവയെക്കുറിച്ച് ഡിസ്‌ക്കസ് ചെയ്ത് നില്‍ക്കെ, ഒരുത്തന്‍ മാക്രി ചാടും പോലെ, കുറച്ചകലെ കൈതയുടെ പിന്നിലായി ഒരു ചാട്ടം.
വെള്ളം മൊത്തം കലക്കി ചാടിയ മഹാനുഭാവന്‍ യാര് എന്നറിയാന്‍ വെറുതെയൊന്ന് നോക്കിയപ്പോള്‍, പൊന്തിവന്ന ആ നീര്‍ക്കുതിരയെ കാണുകയും ‘അപ്പോളോ ടയെഴ്‌സില്‍ ജോലിയുള്ള തോമാസേട്ടന്റെ മകന്‍ ജിന്‍സന്‍’ എന്ന് തിരിച്ചറിയുകയും, ശ്രദ്ധ മറ്റുകാഴ്ചകളിലേക്ക് തിരിക്കുകയും ചെയ്തു.
പക്ഷെ, പിറ്റേദിവസം പത്രത്തില്‍ ഫോട്ടോ വരാനുള്ള യോഗ്യത ആ തവളച്ചാട്ടത്തിനുണ്ടായിരുന്നെന്ന് കുറച്ച് കഴിഞ്ഞപ്പോള്‍ ചുള്ളന്റെ മുങ്ങലും പൊന്തലും, പൊന്തിവരുമ്പോള്‍ മുഖത്ത് മിന്നിമറയുന്ന ഭാവങ്ങളും കണ്ടപ്പോള്‍ എനിക്ക് മനസ്സിലായി.
എനിക്ക് ഇതൊക്കെയൊരു വിഷയമാണോ എന്ന മട്ടില്‍, രാഷ്ട്രപതിയുടെ കയ്യീന്ന് ധീരതക്കുള്ള അവാര്‍ഡ് ഒറ്റക്ക് വാങ്ങിച്ചെടുക്കാന്‍ വേണ്ടി ആരോടും മിണ്ടാതെ തനിയെ ഊളാക്കുകുത്തി ചെന്ന് ചുള്ളാപ്പിയെ ഒറ്റക്ക് രക്ഷപ്പെടുത്താന്‍ ഞാന്‍ തീരുമാനിച്ചു.
ആദ്യം, കയ്യില്‍ പിടിച്ചുയര്‍ത്താന്‍ നോക്കി. രക്ഷയില്ല. ബോളിങ്ങ് ആക്ഷനില്‍, മുത്തയ്യ മുരളീധരന്റെ മുഖം പോലെയായ അവന്റെ മുഖം കണ്ടപ്പോള്‍, അവനെ രക്ഷിക്കാന്‍ ഞാന്‍ കുറച്ചുകൂടി വലിയ ബുദ്ധി പ്രയോഗിച്ചു. നേരെ വെള്ളത്തിനടിയിലേക്ക് പോയി അവന്റെ അരയില്‍ പിടിച്ച് പൊക്കി.
പൊന്തി വന്നതും പ്രാണരക്ഷാര്‍ത്ഥം, അതിലും വലിയൊരു ബുദ്ധി അവനും കാണിച്ചു. എന്റെ കഴുത്തില്‍, കൊച്ചു കുട്ടികള്‍ പൂരത്തിന് പോകുമ്പോള്‍ കയറുന്നതുപോലെ, നല്ല സീറ്റിങ്ങില്‍ അങ്ങ് കയറിയിരുന്നു.
ജിമ്മായിട്ടൊന്നും യാതൊരു കാര്യവുമില്ല എന്ന് എന്നെനിക്കപ്പോള്‍ നന്നായി ബോധ്യായി. ഒറ്റ ട്രിപ്പിന് നൂറ്(കുറച്ച് കുറക്കാം) പുഷപ്പ് എടുക്കുന്ന എനിക്ക്, എന്റെ കയ്യൊന്നുയര്‍ത്താനോ അവന്റെ കാലിന്റെ ഇടയില്‍ നിന്ന് തലയൂരാനോ.. പോലും പറ്റാത്ത അവസ്ഥയിലായി.
അവന്‍ എന്റെ കഴുത്തിലിരുന്ന് ‘പ്രാണായാമം’ പ്രാക്ടീസ് ചെയ്തപ്പോള്‍ വെള്ളത്തിനടിയില്‍ ഞാന്‍ പതുക്കെ പതുക്കെ ശവാസന പ്രാക്ടീസ് തുടങ്ങിയിരുന്നു..!
ശ്വാസമെടുക്കാനുള്ള സമയം ഓവര്‍ ഡ്യൂ ആയിപ്പോയ പരാക്രമത്തില്‍ എന്റെ ഇടതുവശത്തായി ഞാന്‍ അപ്പോള്‍ ഒരു രൂപം കണ്ടു. അതെ, സാക്ഷാല്‍ കാലന്‍, ഗണ്മാന്റെ റോളില്‍ നില്‍ക്കുന്നു.
എന്നെ നരകത്തിലേക്ക് മൈഗ്രേറ്റ് ചെയ്യിപ്പിക്കാന്‍ എല്ലാ സെറ്റപ്പുമായി വന്ന ഗഡി, ‘ടേയ്…കേറടാ ജീപ്പില്’ എന്ന് അരുള്‍ ചെയ്തു. എനിക്ക് മനസ്സിലായി. ഞാന്‍ മരിക്കാന്‍ തുടങ്ങുകയാണ്…. വെളുത്ത മുണ്ട് പുതച്ച് തലക്കാം ഭാഗത്ത് നിലവിളക്കും ചന്ദനത്തിരിയുമായി…..കിടക്കാന്‍ നേരമടുക്കുന്നു..!
നരകത്തില്‍ കത്തുന്ന ടണ്‍ ടണ്‍ കണക്കിനുള്ള ചിരട്ടകളുടെയും പുളിവിറകിന്റെയും ചൂടിനെ എനിക്ക് പേടിയില്ല, പക്ഷെ, എന്റെ ആഗ്രഹങ്ങള്‍. എന്റെ സ്വപ്നങ്ങള്‍…. അതൊക്കെ ഞാനെങ്ങിനെ പാതിവഴിയിലുപേക്ഷിക്കും..?
‘ജോലി, വരുമാനം, സ്വന്തമായി 12 ഡിജിറ്റിന്റെ ഒരു കാല്‍കുലേട്ടര്‍, വീഡിയോ, ഫോണ്‍, ഫ്രിഡ്ജ്, ഗ്യാസ് സ്റ്റൌ, വാട്ടര്‍ ടാങ്ക്, കുഷ്യനിട്ട ചൂരല്‍ കസേര, തേക്കിന്റെ ഡൈനിങ്ങ് ടേബിള്‍, ഹീറോ ഹോണ്ട SS, വീടിന് അപ്‌സ്റ്റെയര്‍, മാരുതിക്കാറ്, ….”
‘എനിക്കിപ്പോള്‍ മരിക്കേണ്ട…പ്ലീസ്. കുറച്ചുകൂടെ നാള്‍ എനിക്ക് ജീവിക്കണം, എന്നെക്കൊണ്ടുപോവല്ലേ…’
ഞാന്‍ യമനോട് കൊച്ചുകുട്ടികളെപ്പോലെ കരഞ്ഞു യാചിച്ചു. എന്റെ കണ്ണീര്‍കലര്‍ന്നാവണം, ഞാന്‍ കുടിച്ച ചിറയിലെ രണ്ട് രണ്ടര ലിറ്റര്‍ വെള്ളത്തിനും ഉപ്പുരസമായിരുന്നു.
യമന്‍ ചിന്താമഗ്‌നനായി രണ്ടുമിനിറ്റ് നിന്നു. ഞാന്‍ പൊട്ടിപ്പൊട്ടിയുള്ള എന്റെ കരച്ചിലിന്റെ ശക്തി കൂട്ടി. അവസാനം, യമ ഹൃദയത്തിനലിവു തോന്നി, കണ്ണില്‍ പച്ച ലൈറ്റ് കത്തുകയും, നോട്ടൌട്ട് എന്ന് വിധിച്ച് … ‘സീ.യു’ എന്ന് മൊഴിഞ്ഞ് കാലന്‍ എന്റെ സമീപത്തുനിന്ന് അപ്രത്യക്ഷനായി.
ഈ സംഭവമൊന്നും അറിയാതെ നിന്ന എന്റെ കൂട്ടുകാര്‍, എന്നെ കാണാഞ്ഞ് എന്നെ അന്വേഷിക്കുകയും കണ്ടെത്തുകയും എന്റെ കഴുത്തിലിരുന്ന കുഞ്ഞാടിനെ വലിച്ചിറക്കി, എന്നെ പൊക്കിയെടുക്കുകയും ചെയ്തു.
അവിടെ ആദ്യമായി കുളിക്കാന്‍ വന്നതായിരുന്നു അവന്‍. ഞങ്ങള്‍ നടുക്കെ നില്‍ക്കുന്നത് കണ്ട്, അത്രയേ ആഴമുണ്ടാകൂ എന്ന് വിചാരിച്ചാണത്രേ നീന്താനറിയാത്ത ചുള്ളന്‍ വെള്ളത്തിലേക്ക് ചാടിയത്.
ഒരുവന്റെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ച്, സ്വന്തം ജീവനുവേണ്ടി കാലനോട് യാചിച്ച അവസ്ഥയുടെ നാണക്കേടോര്‍ത്ത് ഞാനായിട്ട്, ഈ സംഭവത്തെപ്പറ്റി പുറത്താരോടും പറയാന്‍ നിന്നില്ല. എന്നാല്‍, ആ കൊല്ലം ക്രിസ്തുമസ്സിന് അപ്പോളോ തോമാസേട്ടനും ഭാര്യയും എന്റെ വീട്ടില്‍ വന്നു, ഒരു വലിയ കേയ്ക്കുമായി. എന്നിട്ട് എന്റെ വീട്ടുകാരുടെ മുന്‍പില്‍ വച്ച് ‘ദേ ഇവനാ എന്റെ മോനെ രക്ഷിച്ചത്’ എന്നുപറഞ്ഞെന്നെ കെട്ടിപ്പിടിച്ചു.
എനിക്ക് ജീവിതത്തില്‍ കിട്ടിയ ഏറ്റവും വലിയ ക്രിസ്തുമസ്സ് സമ്മാനം, ഞാന്‍ കഴിച്ചിട്ടുള്ളതില്‍ വച്ചേറ്റവും രുചിയുള്ള ക്രിസ്മസ്സ് കേയ്ക്ക്.!